പത്തനംതിട്ട: ശബരിമലയിൽ നിലനിൽക്കുന്ന നിരോധനാജ്ഞ ഡിസംബർ നാലിന് അർദ്ധരാത്രി വരെ നീട്ടി. സംഘർഷാവസ്ഥ ഒഴിവായ സാഹചര്യത്തിൽ നീട്ടില്ലെന്നായിരുന്നു സൂചന. 26ന് നീട്ടിയ നിരോധനാജ്ഞ ഇന്നലെ അർദ്ധരാത്രി അവസാനിക്കേണ്ടതായിരുന്നു. ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ നിലവിലുളളത്.
ശബരിമലയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണെന്നുള്ള അഡിഷണൽ ജില്ലാ മജിസ്ട്രേട്ടിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ വീണ്ടും നീട്ടിയത്. 27നും 28നും 29നും സന്നിധാനത്ത് ആളുകൾ തടിച്ചു കൂടി നാമജപ രൂപത്തിൽ പ്രതിഷേധം നടത്തിയതായും റിപ്പോർട്ടിലുണ്ട്. 27ന് നാല്പത് പേരുണ്ടായിരുന്നത് 29ന് നൂറ്റൻപതോളമായി ഉയർന്നു.
പ്രതിഷേധക്കാർ ശബരിമലയുടെ വിവിധ ഭാഗങ്ങളിൽ കേന്ദ്രീകരിക്കാൻ സാദ്ധ്യതയുണ്ടെന്നും ക്രമസമാധാന പ്രശ്നങ്ങളുണ്ടായേക്കുമെന്നും ജില്ലാ പൊലീസ് ചീഫും റിപ്പോർട്ട് നൽകി. മണ്ഡല, മകരവിളക്ക് തീർത്ഥാടനം കഴിയുന്നതുവരെ ശബരിമലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തണമെന്നാണ് പൊലീസിന്റെ അപേക്ഷ.
ഭക്തർ കൂട്ടംകൂടുന്നതിനും ശരണം വിളിക്കുന്നതിനും വിലക്കില്ലെന്ന് ജില്ലാ കളക്ടറുടെ ഉത്തരവിലുണ്ട്.