പത്തനംതിട്ട: ശബരിമലയിൽ നിലനിൽക്കുന്ന നിരോധനാജ്ഞ ഡിസംബർ നാലിന് അർദ്ധരാത്രി വരെ നീട്ടി. സംഘർഷാവസ്ഥ ഒഴിവായ സാഹചര്യത്തിൽ നീട്ടില്ലെന്നായിരുന്നു സൂചന. 26ന് നീട്ടിയ നിരോധനാജ്ഞ ഇന്നലെ അർദ്ധരാത്രി അവസാനിക്കേണ്ടതായിരുന്നു. ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ നിലവിലുളളത്. ശബരിമലയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണെന്നുള്ള അഡിഷണൽ ജില്ലാ മജിസ്ട്രേട്ടിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ വീണ്ടും നീട്ടിയത്. 27നും 28നും 29നും സന്നിധാനത്ത് ആളുകൾ തടിച്ചു കൂടി നാമജപ രൂപത്തിൽ പ്രതിഷേധം നടത്തിയതായും റിപ്പോർട്ടിലുണ്ട്. 27ന് നാല്പത് പേരുണ്ടായിരുന്നത് 29ന് നൂറ്റൻപതോളമായി ഉയർന്നു.
പ്രതിഷേധക്കാർ ശബരിമലയുടെ വിവിധ ഭാഗങ്ങളിൽ കേന്ദ്രീകരിക്കാൻ സാദ്ധ്യതയുണ്ടെന്നും ക്രമസമാധാന പ്രശ്നങ്ങളുണ്ടായേക്കുമെന്നും ജില്ലാ പൊലീസ് ചീഫും റിപ്പോർട്ട് നൽകി. മണ്ഡല, മകരവിളക്ക് തീർത്ഥാടനം കഴിയുന്നതുവരെ ശബരിമലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തണമെന്നാണ് പൊലീസിന്റെ അപേക്ഷ. ഭക്തർ കൂട്ടംകൂടുന്നതിനും ശരണം വിളിക്കുന്നതിനും വിലക്കില്ലെന്ന് ജില്ലാ കളക്ടറുടെ ഉത്തരവിലുണ്ട്.
സമിതിക്ക് സമ്പൂർണ്ണ മേൽനോട്ട ചുമതല: ഹൈക്കോടതി
ശബരിമലയിൽ നിരീക്ഷണ സമിതിക്ക് സമ്പൂർണ മേൽനോട്ടച്ചുമതല ഉണ്ടെന്നും ഒാരോ വിഷയങ്ങളിലും തത്സമയം തീരുമാനമെടുക്കാൻ അധികാരമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ദേവസ്വം ഒാംബുഡ്‌സ്‌മാൻ ജസ്റ്റിസ് പി.ആർ. രാമൻ, ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ ജസ്റ്റിസ് എസ്. സിരിജഗൻ, ഡി.ജി.പി എ. ഹേമചന്ദ്രൻ എന്നിവരെ നിരീക്ഷകരായി നിയമിച്ച കഴിഞ്ഞ ദിവസത്തെ ഇടക്കാല ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. മൂന്നംഗ സമിതിയുടെ ആദ്യയോഗം ഞായറാഴ്ച ഉച്ചക്ക് ആലുവ ഗസ്റ്റ് ഹൗസിൽ നടക്കും. സമിതിയുടെ പ്രവർത്തനങ്ങൾ ശബരിമല സ്പെഷ്യൽ കമ്മിഷണർ ഏകോപിപ്പിക്കണം.
സമിതിയുടെ അധികാരങ്ങൾ
ശബരിമലയിൽ ബന്ധപ്പെട്ട വകുപ്പുകൾക്കും വിഭാഗങ്ങൾക്കും വേണ്ട നിർദേശം നൽകാം
ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനും തീർത്ഥാടനം സുഗമമാക്കാനും നടപടി സ്വീകരിക്കണം
പൊലീസ് വിവിധ വകുപ്പകളഉം അമിതാധികാരം വിനിയോഗിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കണം
ഭക്തരുടെയും മറ്റുള്ളവരുടെയും ഭാഗത്തു നിന്ന് അതിക്രമങ്ങൾ ഉണ്ടോയെന്ന് നിരീക്ഷിക്കണം