കൊല്ലം: പള്ളിമുക്ക് യൂനുസ് എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികൾക്ക് വിദേശത്ത് തുടർപഠനത്തിന് അവസരമൊരുങ്ങുന്നു. ബ്രിട്ടനിലുള്ള യൂണിവേഴ്സിറ്റി ഒഫ് സണ്ടർലാന്റുമായാണ് കോളേജ് ചെയർമാൻ ഡോ.എ.യൂനുസ്കുഞ്ഞ് ധാരണയായത്.
പ്രാരംഭ നടപടികളുടെ ഭാഗമായി സണ്ടർലാന്റ് യൂണിവേഴ്സിറ്റിയിലെ മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റ് ഹെഡ് ഡോ. ആൻഡ്രൂകുക്ക്, പ്രൊഫസറായ ഡോ. കത്രിയൻ കിംഗ് എന്നിവർ വിദ്യാർത്ഥികളും കോളേജ് അദ്ധ്യാപകരുമായി സംവദിച്ചു.
യൂണിവേഴ്സിറ്റി ഒഫ് സണ്ടർലാന്റ് ദുബായിൽ ആരംഭിക്കുന്ന ഓഫീസുകളിലേക്ക് കൺസൾട്ടന്റായി തിരഞ്ഞെടുത്ത സിവിൽ എൻജിനിയറിംഗ് അവസാനവർഷ വിദ്യാർത്ഥികളായ എൽ. ലിൻസി, എൽ.ജെൻസി എന്നിവരെ ചെയർമാൻ ഡോ.എ.യൂനുസ്കുഞ്ഞ് അഭിനന്ദിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. പി. ശ്രീരാജ്, പ്ലേസ്മെന്റ് സെൽ ഓഫീസർ അനീഷ് പി. തങ്കച്ചൻ എന്നിവർ സംസാരിച്ചു.
കോളേജ് ചെയർമാൻ ഡോ.എ. യൂനുസ് കുഞ്ഞും ബ്രിട്ടൻ യൂണിവേഴ്സിറ്റി ഒഫ് സണ്ടർലാന്റിന്റെ പ്രതിനിധികളും യാരാ കൺസൽട്ടൻസിയുമായി നടത്തിയ ചർച്ചയിൽ കോളേജിലെ വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പോടുകൂടിയ ഉപരിപഠനവും മിടുക്കരായ കോളേജ് വിദ്യാർത്ഥികൾക്കായി പഠന കാലഘട്ടത്തിൽ സൗജന്യ താമസ സൗകര്യവും ബ്രിട്ടൻ സണ്ടർലാന്റ് യൂണിവേഴ്സിറ്റി കാമ്പസിൽ ഒരുക്കാൻ ധാരണയായി.
സണ്ടർലാന്റ് യൂണിവേഴ്സിറ്റിയിലെ പൂർവ വിദ്യാർത്ഥിയും യൂനുസ് കോളേജിന്റെ കുടുംബാംഗവുമായ മുസമ്മിൽ സൈനുല്ലാബ്ദ്ദീൻ ആണ് കോളേജിലെ വിദ്യാർത്ഥികൾക്കായി ഈ സൗകര്യം ഒരുക്കിയത്.