tkm
ബാക് ടു ഹോം പദ്ധതി പ്രകാരം പ്രളയ ബാധിതർക്കായി ടി.കെ.എം എൻജിനിയറിംഗ് കോളേജ് മൺറോതുരുത്തിൽ നിർമ്മിച്ച ആദ്യ വീട്

കൊല്ലം : പ്രളയ ബാധിതർക്കായി കൊല്ലം ടി.കെ.എം. എൻജിനിയറിംഗ് കോളേജ് രൂപ കല്പന ചെയ്ത് നിർമ്മിച്ച ആദ്യ വീടിന്റെ നിർമ്മാണം പൂർത്തിയായി. കോളേജിലെ പൂർവ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആരംഭിച്ച 'ബാക് ടു ഹോം' പദ്ധതി പ്രകാരം മൺറോതുരുത്ത് ഗ്രാമപഞ്ചായത്തിലെ നെന്മേനി വാർഡിൽ രാജേന്ദ്രൻ, ഉഷ ദമ്പതികൾക്കാണ് ആദ്യ വീട് നിർമ്മിച്ചത്. പ്രീ ഫാബ്രിക്കേറ്റഡ് പ്രീസ്‌ ട്രെസ്ഡ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി 28 ദിവസങ്ങൾ കൊണ്ട് നിർമ്മിച്ച ഈ വീടിന് 'അതിജീവനം' എന്നാണ് പേരിട്ടിരിക്കുന്നത്.

രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയും ശുചിമുറിയും ഉൾപ്പടെ 540 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടിന്റെ നിർമ്മാണ ചിലവ് ആറര ലക്ഷം രൂപയാണ്. 1990 ബാച്ചിലെ കോളേജിലെ പൂർവ വിദ്യാർത്ഥികൾ നൽകിയ ആറ് ലക്ഷം രൂപയാണ് പ്രധാന സംഭാവന. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മയുടെ സാന്നിദ്ധ്യത്തിൽ നവംബർ ആദ്യവാരം ഗൃഹ പ്രവേശം നടക്കുമെന്ന് പ്രിൻസിപ്പൽ ഡോ. എസ്. അയൂബ് അറിയിച്ചു.