പുനലൂർ: പുനലൂരിലെ റവന്യൂ ഡിവിഷൻ ഓഫീസിന്റെ പ്രവർത്തനം ആരംഭിച്ചു. കേരളപ്പിറവി ദിനമായ ഇന്നലെ രാവിലെ 10ന് തന്നെ ഔദ്യോഗിക ചടങ്ങുകളില്ലാതെ പ്രവർത്തനം തുടങ്ങുകയായിരുന്നു. ഉദ്യോഗസ്ഥരും, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവർത്തകരും നാട്ടുകാരും രാവിലെ 9 മണിയോടെ പുനലൂർ ടി.ബി.ജംഗ്ഷനിൽ ഓഫീസ് പ്രവർത്തിക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിട സമുച്ചയത്തിൽ എത്തിയിരുന്നു. തുടർന്ന് പുനലൂർ ആർ.ഡി.ഒ ബി.ശശികുമാറെത്തി. അദ്ദേഹത്തെ സ്വീകരിച്ച് ഒാഫീസിലേക്ക് ആനയിച്ചു. റവന്യൂ ഡിവിഷൻ ഓഫീസിന്റെ പരിധിയിൽ വരുന്ന പുനലൂർ, പത്തനാപുരം, കൊട്ടാരക്കര എന്നീ മൂന്ന് താലൂക്കുകളുടെ പ്രവർത്തനം പൂർണമായും ആരംഭിച്ചതായി ആർ.ഡി.ഒ. ബി.ശശികുമാർ അറിയിച്ചു. തഹസിൽദാർമാരായ ആർ.എസ്.ബിജുരാജ്, ജയൻ.എം.ചെറിയാൻ, ഡെപ്യൂട്ടി തഹസിൽദാർമാരായ ടി.രാജേന്ദ്രൻ പിളള, സന്തോഷ് കുമാർ, പുനലൂർ വില്ലേജ് ഓഫീസർ സന്തോഷ്.ജി.നാഥ്, സി.പി.ഐ.സംസ്ഥാന കൗൺസിൽ അംഗം എച്ച്.രാജീവൻ, മണ്ഡലം സെക്രട്ടറിയും, മന്ത്രി കെ.രാജുവിന്റെ പ്രതിനിധിയുമായ സി.അജയപ്രസാദ്, സി.പി.എം.പുനലൂർ ഏരിയ കമ്മിറ്റി സെക്രട്ടറി എസ്.ബിജു, അഡ്വ.ലാലജിബാബു, ജോബോയ് പേരേര, ജെ.ഡേവിഡ് തുടങ്ങിയവർ സ്ഥലത്തുണ്ടായിരുന്നു. . ഓഫീസിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രിയുടെ സൗകര്യം കണക്കിലെടുത്ത് പിന്നീട് നടത്താനാണ് തീരുമാനം.