കൊല്ലം: വെളിച്ചത്തിന്റെ ഉത്സവത്തെ മലയാളി വരവേൽക്കുന്നത് വർണ്ണവിസ്‌മയങ്ങളും ഉഗ്രശബ്‌ദങ്ങളും ഉള്ളിലൊളിപ്പിച്ച പടക്കങ്ങളിലൂടെയാണ്. ഇത്തവണയും പതിവ് തെറ്റിക്കാതെ പടക്ക വിപണി സജീവമായി. കണ്ട് പഴകിയ കമ്പിത്തിരിയും മത്താപ്പുമൊക്കെയുണ്ടെങ്കിലും ഇത്തവണ കിടിലൻ 'അഡാർ" ഐറ്റങ്ങളാണ് അതിർത്തി കടന്ന് ശിവകാശിയിൽ നിന്നെത്തിയത്.
ശബ്‌ദം കുറച്ച് വർണ്ണം വിതറുന്ന പടക്കങ്ങൾക്കാണ് ഇപ്പോൾ ആവശ്യക്കാരേറെ. ഇതനുസരിച്ച് വിപണിയുടെ സ്വഭാവവും മാറിയിട്ടുണ്ട്. കൊച്ചുകുട്ടികൾക്ക് വരെ സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുന്ന പടക്കങ്ങൾ ഉൽപ്പാദിപ്പിക്കാൻ നിർമ്മാതാക്കളും അതിനെ വിപണിയിലെത്തിക്കാൻ വിതരണക്കാരും തയ്യാറായി. സൂപ്പർ ഹിറ്റ് തമിഴ്, മലയാളം സിനിമകളുടെ പേരുകൾ കടംകൊണ്ട പടക്കങ്ങളും വിപണിയിലുണ്ട്. 10 രൂപ മുതൽ ആയിരങ്ങൾ വില മതിക്കുന്നവ വരെ ആവശ്യക്കാർക്കായി തയ്യാറാണ്. ദീപാവലിക്ക് പടക്കങ്ങളും വർണ്ണ പൂത്തിരികളും സമ്മാനമായി നൽകാൻ ആഗ്രഹിക്കുന്നവർക്കായി വിവിധ വിലയിലുള്ള ഗിഫ്റ്റ് ബോക്‌സുകളും ലഭ്യമാണ്. അനധികൃത കച്ചവടക്കാരെ കണ്ടെത്താനും സുരക്ഷാ മുൻ കരുതലുകൾ ഒരുക്കാനുമായി പൊലീസിന്റെ പരിശോധനകളും ആരംഭിച്ചിട്ടുണ്ട്.
'ശിവകാശിയിൽ നിന്നാണ് പ്രധാനമായും പടക്കങ്ങളെത്തുന്നത്. കൊച്ചുകുട്ടികൾക്ക് വരെ ഉപയോഗിക്കാൻ കഴിയുന്ന സുരക്ഷിതമായവയ്ക്കാണ് ആവശ്യക്കാരേറെ"
എ.മണികണ്‌ഠൻ, പടക്കവ്യാപാരി, കൊല്ലം