ഓച്ചിറ: വൃശ്ചികം ഒന്ന് മുതൽ 12 വരെ ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ നടക്കുന്ന വൃശ്ചികോത്സവത്തിൽ ഭക്തജനങ്ങൾക്ക് ഭജനം പാർക്കുന്നതിനുള്ള കുടിലുകളുടെ വിതരണം ആരംഭിച്ചു. ഭരണസമിതി സെക്രട്ടറി അഡ്വ.കെ. ഗോപിനാഥൻ വിതരണോദ്ഘാടനം നിർവഹിച്ചു. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലായുള്ള 52 കരകളിൽ നിന്നായി ആയിരക്കണക്കിനാളുകളാണ് ഓച്ചിറയിൽ ഭജനം ഇരിക്കുന്നതിനായി എത്തുന്നത്. ആദ്യഘട്ടമായി ആയിരം കുടിലുകളുടെ നിർമ്മാണമാണ് പടനിലത്ത് പൂർത്തിയായി വരുന്നത്, കൂടാതെ ഓംകാരം സത്രത്തിലും പഴയസത്രത്തിലും ഭക്തജനങ്ങൾക്കായി മുറികൾ തയ്യാറായിക്കഴിഞ്ഞു.
തീപിടുത്തം ഒഴിവാക്കുന്നതിനായി ജി.എെ പൈപ്പുകളിലും ഷീറ്റുകളിലുമാണ് കുടിലുകളും വ്യാപാരസ്ഥാപനങ്ങളും നിർമ്മിക്കുന്നത്. ഒരു കുടിലിന് 2500 രൂപയാണ് ഈടാക്കുന്നത്. ഉത്സവത്തിനോടനുബന്ധിച്ച് നടക്കുന്ന വ്യാപാര സ്റ്റാളുകളുടേയും മറ്റും സ്ഥലലേലം നടന്നുവരുന്നു, ആവശ്യമെങ്കിൽ കൂടുതൽ കുടിലുകൾ നിർമ്മിച്ചു നൽകുമെന്ന് ഭരണസമിതി സെക്രട്ടറി അഡ്വ.കെ. ഗോപിനാഥനും പ്രസിഡന്റ് പ്രൊഫ.എ. ശ്രീധരൻ പിള്ളയും പറഞ്ഞു.