photo
കേരളപുരം മാമ്പുഴ റോഡിൽ കൊച്ചാലുംമൂട്ടിൽ ഇന്നലെ പൈപ്പ് ഇടൽ ജോലികൾ തുടങ്ങിയപ്പോൾ

കൊല്ലം: ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ആദ്യറീച്ച് പൈപ്പ് ഇടൽ പൂർത്തിയായി. മൂന്നിടങ്ങളിലായി മൂന്ന് കിലോ മീറ്റർ ദൂരം പൈപ്പ് ഇട്ടു. മുളവന പള്ളിമുക്ക് മുതൽ പൊട്ടിമുക്ക് വരെയുള്ള 1600 മീറ്റർ ദൂരമാണ് കൂടുതൽ പൈപ്പിട്ടത്. തട്ടാർകോണം കുറ്റിച്ചിറ റോഡിൽ 900 മീറ്റർ ദൂരത്തിലും മാമ്പുഴ- മത്തങ്ങമുക്ക് റോഡിൽ മുന്നൂറ് മീറ്റർ ദൂരത്തിലുമാണ് പൈപ്പ് സ്ഥാപിച്ചു. 1219 മില്ലീ മീറ്റർ വ്യാസമുള്ള എം.എസ് (മൈൽഡ് സ്റ്റീൽ) പൈപ്പാണ് ഉപയോഗിച്ചത്.

സെപ്തംബർ 18ന് ആണ് പൈപ്പ് ഇടീൽ തുടങ്ങിയത്. കുഴിയെടുക്കുന്നതിനൊപ്പം പൈപ്പ് ഇട്ടുപോരുന്ന രീതിയാണ്. പുത്തൂർ ഞാങ്കടവ് മുതൽ വസൂരിച്ചിറവരെയുള്ള 28 കിലോ മീറ്റർ ദൂരമാണ് ആകെ പൈപ്പ് ഇടേണ്ടത്. രണ്ട് വർഷത്തെ കാലാവധിയാണ് ഇതിന് നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ കിഫ്ബി പദ്ധതിയുടെ റോഡ് നിർമ്മാണം നടക്കുന്ന ഭാഗങ്ങളിൽ ആദ്യ ഘട്ട പൈപ്പ് സ്ഥാപിക്കൽ നടത്തുകയായിരുന്നു. പൈപ്പ് ഇട്ട സ്ഥലങ്ങളിൽ മെറ്റലും പാറപ്പൊടിയും ചേർത്ത് കോൺക്രീറ്റിന് സമാനമായ രീതിയിൽ ഉറപ്പിക്കുന്ന ജോലികൾ (ഗ്രാനലാർ) ഇനി നടത്തും.

ഈ ജോലികൾ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണോ വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിലാണോ നടത്തേണ്ടത് എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. എന്നാൽ അത് വാട്ടർ അതോറിറ്റിയുടെ ചുമതലയിൽ നടത്താൻ ഇന്നലെ തീരുമാനമായി. ഇതിനുള്ള ടെണ്ടർ ഉടനുണ്ടാകും, ഇത് നടത്തിയ ശേഷം മാത്രമേ പൊതുമരാമത്തിന്റെ ചുമതലയിൽ ടാറിംഗ് ജോലികൾ തുടങ്ങാൻ കഴിയുകയുള്ളൂ. ദേശീയപാതയിൽ കേരളപുരം മുതൽ 1400 മീറ്റർ ദൂരം പൈപ്പ് ഇടുന്ന ജോലികളും ഉടൻ തുടങ്ങും.

കൊച്ചാലുംമൂട്ടിൽ പൈപ്പിടിൽ തുടങ്ങി

കേരളപുരം- മാമ്പുഴ റോഡിൽ കൊച്ചാലുംമൂട്ടിൽ നിന്നും ഇന്നലെ പൈപ്പ് ഇടൽ തുടങ്ങി. മത്തങ്ങാമുക്കിൽ നേരത്തെ ഇട്ടിരുന്ന പൈപ്പിലേക്ക് ഇവിടെ നിന്നുള്ള ലൈൻ കൂട്ടിയോജിപ്പിക്കുന്ന ജോലികളാണ് നടക്കുന്നത്. 300 മീറ്റർ ദൂരത്തിൽ ഇന്നലെ പൈപ്പ് ഇടാൻ കഴിഞ്ഞു. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒരു വശത്തുകൂടി ബസ് അടക്കമുള്ള വാഹനങ്ങളെ കടത്തിവിട്ടുകൊണ്ടാണ് കുഴിയെടുക്കലും പൈപ്പിടൽ ജോലികളും നടക്കുന്നത്. നാട്ടുകാർ പൂർണ്ണമായും സഹകരിക്കുന്നതിനാൽ ഇതുവരെ തർക്കങ്ങൾ ഉണ്ടായിട്ടില്ല.

തുലാം കഴിഞ്ഞ് കിണർ നിർമ്മാണം

കല്ലടയാറിനോട് ചേർന്ന് ഞാങ്കടവിൽ പദ്ധതിക്ക് വേണ്ടിയുള്ള കിണർ നിർമ്മിക്കാൻ പ്രാരംഭ നടപടികൾ പൂർത്തിയാക്കി. 8 മീറ്റർ താഴ്ചയും 5 മീറ്റർ തറനിരപ്പിൽ നിന്നും ഉയരവുമുള്ള കിണറാണ് ഇവിടെ നിർമ്മിക്കുക. അടുത്ത ബുധനാഴ്ച നിർമ്മാണ ജോലികൾ തുടങ്ങാൻ നിശ്ചയിച്ചിരുന്നുവെങ്കിലും തുലാവർഷം കഴിഞ്ഞിട്ട് ജോലികൾ ആരംഭിക്കാനാണ് പുതിയ തീരുമാനം. പൊതുവൽ സ്ഥലത്താണ് കിണർ നിർമ്മിക്കുന്നതെങ്കിലും ഇതിനോട് ചേർന്ന് 15 സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങുന്നുണ്ട്. വാങ്ങുന്ന വസ്തുവുമായി ബന്ധപ്പെട്ട് സാമൂഹ്യാഘാത പഠനം നടത്തിയതിന്റെ അന്തിമ റിപ്പോർട്ട് ജില്ലാ കളക്ട‌ർക്ക് കൈമാറി. ഉടൻ വസ്തു ഏർപ്പെടുക്കലിന്റെ മറ്റ് ജോലികളും തുടങ്ങും. വസ്തുവിന് വില നിശ്ചിയിച്ചിട്ടില്ല.