കൊല്ലം: നീരാവിൽ സ്വദേശിനി ഷബിനയെ (19) കാണാതായി മൂന്നര മാസമായിട്ടും അന്വേഷണത്തിൽ പുരോഗതിയില്ല. കൊല്ലം സിറ്റി ഡി.സി.ആർ.ബി എ.സി.പി സതീഷാണ് കേസന്വേഷിക്കുന്നത്. തിരുവനന്തപുരം റെയിൽവേ പൊലീസ് എസ്.പി മെറിൻ ജോസഫ് ആഴ്ചയിലൊരിക്കൽ അന്വേഷണ പുരോഗതി വിലയിരുത്തണമെന്ന് ഡി.ജി.പി നിർദ്ദേശിച്ചിരുന്നെങ്കിലും അന്വേഷണം തുടങ്ങിയിടത്ത് തന്നെ നിൽക്കുകയാണെന്നാണ് ആരോപണം.
കൊല്ലം ഈസ്റ്ര് പൊലീസിന്റെ അന്വേഷണം ഇഴഞ്ഞുനീങ്ങിയതോടെ നാട്ടുകാർ കർമ്മ സമിതി രൂപീകരിച്ച് സംസ്ഥാന പൊലീസ് മേധാവിയെ കണ്ട് വിവരം ധരിപ്പിച്ചതിനെ തുടർന്നാണ് എ.സി.പി സതീഷിന് അന്വേഷണ ചുമതല നൽകിയത്.
ജൂലായ് 17ന് രാവിലെ കടവൂരിലെ പി.എസ്.സി പരിശീലന കേന്ദ്രത്തിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ യുവതിയെ രാവിലെ 11മണിയോടെ കൊല്ലം ബീച്ചിൽ കണ്ടതായി സാക്ഷിമൊഴിയുണ്ട്. ബീച്ചിലെ സ്ഥിരം കച്ചവടക്കാരനിൽ നിന്ന് ഐസ് ക്രീം വാങ്ങി പെൺകുട്ടി കഴിച്ചിരുന്നു. കുറച്ചുദൂരം അവിടെ നടന്നശേഷം എന്ത് സംഭവിച്ചെന്ന് തനിക്കറിയില്ലെന്നാണ് ഐസ് ക്രീം വിൽപ്പനക്കാരൻ പൊലീസിന് മൊഴി നൽകിയത്.
അന്ന് പകൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ഗാർഡുകളും യുവതിയെ കണ്ടതായി മൊഴി നൽകിയിരുന്നു. ഐസ് ക്രീം കച്ചവടക്കാരനെയും ലൈഫ് ഗാർഡുകളെയും പൊലീസ് യുവതിയുടെ ചിത്രം സംഭവദിവസം വൈകിട്ട് തന്നെ കാണിച്ചതോടെയാണ് എല്ലാവർക്കും ആളെ കൃത്യമായി ഓർക്കാനായത്. യുവതിയുടെ ബാഗും ചെരിപ്പും ബീച്ചിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പിങ്ക് പൊലീസ് കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുത്തത്. എന്നാൽ കടലിൽ അകപ്പെട്ടതായുള്ള സംശയത്തിന് ഇതുവരെ സ്ഥിരീകരണമില്ല.
യുവതി തമിഴ്നാട്ടിലുണ്ടെന്ന പ്രചാരണത്തെ തുടർന്ന് അവിടെയും അന്വേഷണം നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. യുവതി വീട്ടിൽ ഫോൺ മറന്നുവച്ചതാണ് പൊലീസിനെ വട്ടം ചുറ്റിക്കുന്ന മറ്റൊന്ന്. ടവർ ലൊക്കേഷൻ വച്ച് പൊലീസ് കണ്ടുപിടിക്കാതിരിക്കാനാണ് ഫോൺ ബോധപൂർവം വീട്ടിൽ വച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
മറ്റാരെങ്കിലും യുവതിക്കൊപ്പം ഉണ്ടായിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു. ബന്ധുവായ കാഞ്ഞാവെളി സ്വദേശിയായ യുവാവിന് തിരോധാനത്തിൽ പങ്കുണ്ടെന്ന് പ്രചാരണം നടന്നെങ്കിലും കഴമ്പില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഡി.സി.ആർ.ബി അന്വേഷണം ഏറ്റെടുത്തെങ്കിലും യുവതിയുടെ പിതാവ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസിൽ പൊലീസ് സമയം ആവശ്യപ്പെട്ടിരിക്കുകയാണ്.