gvhss
ഇലക്ഷൻ ഉപകരണങ്ങൾ പ്രഥമാദ്ധ്യാപിക ആർ.ശശികലയും ഇലക്ഷൻ ചാർജ്ജ് അദ്ധ്യാപിക ജയകുമാരിയും കുട്ടികൾക്ക് കൈമാറുന്നു

ചാത്തന്നൂർ: ജനാധിപത്യ പ്രക്രിയയുടെ കാതലായ തിരഞ്ഞെടുപ്പിനെ പരിചയപ്പെടുത്തി ചാത്തന്നൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് കുട്ടികൾക്ക് നവ്യാനുഭവമായി. തിരഞ്ഞെടുപ്പ് വിജ്ഞാപനം മുതൽ നാമ നിർദ്ദേശ പത്രികാ സമർപ്പണവും മത്സരാർത്ഥികളുടെ ഫോട്ടോ പതിച്ച ലിസ്റ്റ് പ്രസിദ്ധീകരണവും തിര‌‌ഞ്ഞെടുപ്പും എല്ലാം പൊതുതിരഞ്ഞെടുപ്പിന്റെ മാതൃകയിലായിരുന്നു.

യു.പി, എച്ച്.എസ് വിഭാഗത്തിലായിരുന്നു ഇലക്ഷൻ. ഹയർ സെക്കൻഡറിയിൽ ഏകകണ്ഠമായി പ്രതിനിധികളെ തിരഞ്ഞെടുക്കുകായായിരുന്നു. രാവിലെ 10ന് പ്രഥമാദ്ധ്യാപികയുടെ മേൽ നോട്ടത്തിൽ ഇലക്ഷൻ ചാർ‌‌ജ്ജ് വഹിച്ച അദ്ധ്യാപക ജയകുമാരി തിരഞ്ഞെടുപ്പ് ഉപകരണങ്ങൾ വിതരണം ചെയ്തു. തുടർന്ന് വോട്ടിംഗ് നടന്നു. ക്ലാസ് ടീച്ചർ പ്രിസൈഡിംഗ് ഓഫീസറായും വിദ്യാർത്ഥികൾ ഒന്ന് മുതൽ മൂന്ന് വരെയുള്ള പോളിംഗ് ഓഫീസർമാരായും പ്രവർത്തിച്ചു.

ഇലക്ഷൻ സമാധാനപരമാണെന്ന് ഉറപ്പാക്കാൻ എൻ.സി.സി, സ്റ്റുഡന്റ്സ് പൊലീസ് എന്നിവരും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ നടപടികൾ അവസാനിപ്പിച്ച് ഫല പ്രഖ്യാപനം നടത്തി. ഭാരവാഹികളായി അപർണ്ണ ബി.നായർ (ചെയർ പേഴ്സൺ), ഷിബിൻ ജയിംസ് (വൈസ് ചെയർമാൻ), അജ്മൽ (സെക്രട്ടറി), ചന്ദന (കലാവേദി സെക്രട്ടറി), നിഖിൽ (കായിക വേദി സെക്രട്ടറി), പഞ്ചമി (സാഹിത്യ വേദി സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.ആദ്യ സ്കൂൾ പാർലമെന്റ് യോഗത്തിൽ സ്കൂൾ ഡിസിപ്ലിൻ നിർവഹണവുമായി ബന്ധപ്പെട്ട ബിൽ വൈസ് ചെയർമാൻ അവതരിപ്പിച്ചു. പ്രഥാമാദ്ധ്യാപിക ആർ. ശശികല,സീനിയർ അസി. സൂസൻ വർഗ്ഗീസ് അദ്ധ്യാപകരായ ജയകുമാരി, ബസീം, രാജേഷ്, എൻ.അനിൽകുമാർ, അജയകുമാർ, സുമാദേവി എന്നിവർ നേതൃത്വം നൽകി.

പൊതുതിരഞ്ഞെടുപ്പിൽ നൂറുശതമാനം പോളിംഗ് ലക്ഷ്യമിട്ട് സർക്കാർ സ്കൂളുകളിൽ നടപ്പിലാക്കുന്ന ഇലക്ടറൽ ക്ലബിന്റെ പ്രവർത്തനത്തിന് മുന്നോടിയായിട്ടാണ് സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ മാതൃകാ തിരഞ്ഞെടുപ്പ് നടത്തിയത്. പൊതുതിരഞ്ഞെടുപ്പിന്റെ എല്ലാ വശങ്ങളും കുട്ടികളെ പഠിപ്പിക്കുന്നതിനും ജനാധിപത്യ പ്രക്രിയയിൽ ഓരോ പൗരന്റെയും കടമ നിർവഹിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധവത്ക്കരിക്കുന്നതിനുമാണ് ഇലക്ടറൽ ക്ലബ്ബ് രൂപീകരിക്കുന്നത്.

ജയകുമാരി, ഇലക്ഷൻ ചാർജ്ജ്, സോഷ്യൽ സയൻസ് അദ്ധ്യാപിക