sreenasaji
ശ്രീന സജി

കൊല്ലം: കേരള അഡ്വക്കേറ്റ് ക്ലാർക്‌സ് അസോസിയേഷൻ കൊല്ലം യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും കൊല്ലം കടപ്പാക്കട ഉളിയക്കോവിൽ പഴയത്തു വീട്ടിൽ സജിയുടെ ഭാര്യയുമായ ശ്രീന സജി(ശ്രീദേവി) കായിക രംഗത്ത് നേട്ടങ്ങൾ കൈവരിക്കുന്നത് ജീവിതവുമായി പടപൊരുതിയാണ്.
രണ്ട് വർഷമായി കായികരംഗത്ത് സംസ്ഥാന - ദേശീയ ഏഷ്യാതല മത്സരങ്ങളിലും ഇന്തോനേഷ്യയിൽ നടന്ന ഓപ്പൺ മീറ്റിലും ശ്രീന സജി മികച്ച വിജയം നേടിയിരുന്നു. എന്നാൽ സർക്കാരിൽ നിന്ന് എന്തെങ്കിലും സാമ്പത്തിക സഹായമോ ഒരു സ്പോൺസറെയോ ഇതുവരെ ലഭിച്ചിട്ടില്ല. പലരിൽ നിന്ന് കടം വാങ്ങിയാണ് ഒരോ മീറ്റിനും പോകുന്നത്. അതിന്റെ പേരിൽ ഇപ്പോൾ തന്നെ വൻ കടബാദ്ധ്യതയുണ്ട്. ഇനിയും സ്പോൺസറെയോ സർക്കാരിൽ നിന്ന് സാമ്പത്തിക സഹായമോ ലഭിച്ചില്ലെങ്കിൽ തുടർന്നുള്ള മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല. ഭർത്താവ് സജിയുടെ പ്രോത്സാഹനം കൊണ്ട് മാത്രമാണ് ഇവിടം വരെ എത്താൻ ശ്രീനയ്ക്ക് കഴിഞ്ഞത്.
ഇന്തോനേഷ്യയിൽ നടന്ന ഇന്റർനാഷണൽ ഓപ്പൺ മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ ട്രിപ്പിൾ ജമ്പ്, ലോഗ് ജമ്പ്, 200 മീറ്റർ ഓട്ടം എന്നീ ഇനങ്ങളിലാണ് ശ്രീന മത്സരിച്ചത്. ട്രിപ്പിൾ ജമ്പിലും ലോംഗ് ജമ്പിലുംലും വെള്ളിയും 200 മീറ്റർ ഓട്ടമത്സരത്തിൽ വെങ്കലവും നേടാനായി. പുനലൂരിൽ വാടക വീട്ടിലാണ് ഇപ്പോൾ ശ്രീനയും കുടുംബവും താമസിക്കുന്നത്.