പദ്ധതി നടപ്പാക്കുന്നത് 1 കോടി രൂപ ചെലവിൽ
തെങ്ങ് കൃഷി പ്രോത്സാഹനവും പരിപാലനവും ലക്ഷ്യം
ചാത്തന്നൂർ: കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിൽ കേരഗ്രാമം പദ്ധതി നടപ്പാക്കാൻ കൃഷിവകുപ്പ് അനുമതി നൽകിയതായി ജി.എസ്. ജയലാൽ എം.എൽ.എ അറിയിച്ചു. കാർഷിക മേഖലയിൽ സമഗ്ര വികസനം നടപ്പാക്കുന്ന പുനർജ്ജനി - ചാത്തന്നൂർ പദ്ധതി മണ്ഡലത്തിൽ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് അനുമതി. ഒരു കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്.
തെങ്ങ് കൃഷിയെ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനും ഉതകുന്ന തരത്തിൽ തെങ്ങുകളുടെ ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കുക, ഏകീകൃത കീടനാശിനി ഉപയോഗം പ്രോത്സാഹിപ്പിച്ച് തെങ്ങുകൾ രോഗവിമുക്തമാക്കുക, ഏകീകൃത പോഷക പദ്ധതി നടപ്പാക്കുക, മിശ്രവിളകൾ പ്രോത്സാഹിപ്പിക്കുക, ജലസേചന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, മൂല്യവർദ്ധിത ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുക, ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ ഉറപ്പാക്കുക, കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക ഇവയാണ് ലക്ഷ്യം.
കൃഷിപരിപാലനത്തിന് ശാസ്ത്രീയ മാർഗങ്ങൾ
ഉത്പാദനവും ഉത്പാദന ക്ഷമതയും വർദ്ധിപ്പിക്കുന്നതിന് ശാസ്ത്രീയവും പ്രായോഗികവുമായ മാർഗങ്ങൾ അവലംബിക്കും. തെങ്ങിന്റെ തടം തുറക്കൽ, കളകൾ നീക്കം ചെയ്യൽ, പുതയിടൽ എന്നീ പരമ്പരാഗത മാർഗങ്ങൾ സ്വീകരിച്ച് മണ്ണിന്റെ ജലാംശം നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പാക്കും .മണ്ണിന്റെ അമ്ലത്വം പരിഹരിക്കാൻ കമ്മായം, ഡോളമൈറ്റ് എന്നിവ നൽകും. രാസവളങ്ങളും ജൈവവളങ്ങളും കീടനാശിനികളും ശാസ്ത്രീയാടിസ്ഥാനത്തിൽ വിതരണം ചെയ്യും.
ജൈവവളം ഉത്പാദിപ്പിക്കും
രോഗം ബാധിച്ചതും ഉത്പാദനക്ഷമത കുറഞ്ഞതുമായ തെങ്ങുകൾ മുറിച്ചുമാറ്റും. തെങ്ങുകയറ്റ യന്ത്രങ്ങൾ നല്കും. ജൈവവള ഉത്പാദന യൂണിറ്റുകൾ സ്ഥാപിക്കും. ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ പൂതക്കുളം, ചിറക്കര ഗ്രാമ പഞ്ചായത്തുകൾക്ക് പുറമെയാണ് ഇപ്പോൾ കേരഗ്രാമം പദ്ധതി കല്ലുവാതുക്കലിലും നടപ്പിലാക്കുന്നത്.
ജി.എസ്. ജയലാൽ, എം.എൽ.എ