ആരോഗ്യ-ശുചിത്വബോധം വളർത്തുക ലക്ഷ്യം
രോഗീപരിചരണത്തിലും കുട്ടികൾ മുൻപന്തിയിൽ
അഞ്ചാലുംമൂട്: തൂവെള്ള വസ്ത്രമണിഞ്ഞപ്പോൾ അവരും മാലാഖമാരായി, സങ്കടങ്ങളിൽ വീർപ്പുമുട്ടുന്നവർക്ക് സ്നേഹവും സഹായവുമായി. ഒപ്പം നാടിന്റെ ശുചിത്വ ബോധവമുണർത്തി. തൃക്കടവൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള കുട്ടികളുടെ ആരോഗ്യസേനയാണ് വിജയത്തിന്റെ പുതിയ അദ്ധ്യായമെഴുതുതുന്നത്. നീരാവിൽ എസ്.എൻ.ഡി.പി യോഗം ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളാണ് സേനയിലുള്ളത്. എട്ടാം ക്ളാസിൽ പഠിക്കുന്ന 15 ആൺകുട്ടികളും 15 പെൺകുട്ടികളും ചെറിയ കാലംകൊണ്ട് മികച്ച പ്രവർത്തനം നടത്തി സംസ്ഥാന തലത്തിൽ ശ്രദ്ധേയമാവുകയാണ്.
കൊല്ലം കോർപ്പറേഷൻ നടപ്പാക്കിയ മാതൃകാ പ്രോജക്ടാണ് കുട്ടികളുടെ ആരോഗ്യസേന. സംസ്ഥാന സർക്കാരിന്റെ ആരോഗ്യ ജാഗ്രത കുട്ടികളിലൂടെ നടപ്പാക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ ജൂലായിൽ തുടങ്ങിയ പദ്ധതി ഇതിനകം വിജയം കണ്ടു. ആരോഗ്യ നിലവാരം മുൻകൂട്ടി മനസിലാക്കാനും രോഗപ്രതിരോധം, പ്രാഥമിക ചികിത്സ, ലഹരി മരുന്നുകളുടെ ഉപയോഗം തടയൽ, ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന് യോഗ പരിശീലനം, ബോധവത്കരണ പരിപാടികൾ, വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവയാണ് പദ്ധതി ലക്ഷ്യമിട്ടത്.
പ്രാഥമിക ചികിത്സ നൽകാൻ സ്റ്റുഡൻസ് ഹെൽത്ത് കേഡറ്റുകൾ പ്രാപ്തരായിട്ടുണ്ട്. മറ്റ് കുട്ടികൾക്കും മുതിർന്നവർക്കുമൊക്കെ ഇവർ പകർന്ന് നൽകുന്നുമുണ്ട്. കൃത്യമായ യോഗ പരിശീലനവും നൽകിയിരുന്നു. ആഴ്ചയിലൊരിക്കൽ ആരോഗ്യസേന പ്രവർത്തകർ സ്വന്തം വീടും പരിസരവും സമീപത്തെ വീടുകളും പരിശോധിച്ച് കൊതുക് ജന്യ രോഗങ്ങൾ തടയുന്നതിന് നടപടി സ്വീകരിച്ചുവരികയാണ്. കിടപ്പ് രോഗികളെ ശുശ്രൂഷിക്കുന്നതിനും കുട്ടികൾ പ്രാപ്തരാണ്.
ഇവ പദ്ധതിയുടെ ലക്ഷ്യങ്ങൾ
01. രോഗപ്രതിരോധം
02. പ്രാഥമിക ചികിത്സ
03. ലഹരി ഉപയോഗം തടയൽ
04. ജീവിതശൈലീ രോഗ നിയന്ത്രണം
05.യോഗ പരിശീലനം
06. ബോധവത്കരണ പരിപാടികൾ
07.വ്യക്തി ശുചിത്വം
08. പരിസര ശുചിത്വം
ആരോഗ്യ ബോധമുള്ള പുതിയ തലമുറയെ സൃഷ്ടിക്കും
ആരോഗ്യ സേനയിലൂടെ എല്ലാ വിദ്യാർത്ഥികളിലും ആരോഗ്യ, ശുചിത്വബോധം വളർത്താൻ ലക്ഷ്യമിട്ടത് ഫലം കാണുന്നുണ്ട്. മാലിന്യങ്ങൾ പൊതുനിരത്തിലും ജലാശയങ്ങളിലും വലിച്ചെറിയാത്ത പുതുതലമുറയെ വാർത്തെടുക്കുമെന്നാണ് പ്രതീക്ഷ. മറ്റ് വിദ്യാലയങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. യോഗ മുഖ്യ ഇനമാക്കി ആരോഗ്യ സംരക്ഷണം ഉറപ്പാക്കും. കിടപ്പുരോഗികളെ പരിചരിക്കാൻ സേനയിലെ അംഗങ്ങൾ തയ്യാറായി. ഇതുവഴി മുതിർന്നവരെ ബഹുമാനിക്കാനും മസിൽ നന്മ വളർത്താനും കഴിയും. പഠനത്തിനിടയിലുള്ള ഒഴിവുവേളകളിൽ നാടിനെ സംരക്ഷിക്കുന്ന മനഃസ്ഥിതി വളർത്തുന്ന പദ്ധതിയിൽ അംഗമാകാൻ കൂടുതൽ കുട്ടികൾ തയ്യാറാകുന്നുണ്ട്.
ഗ്രേസ് മാർക്ക് വേണം
സ്റ്റുഡൻസ് പൊലീസ് കേഡറ്റുകളെപ്പോലെ സ്റ്റുഡൻസ് ഹെൽത്ത് കേഡറ്റും സർക്കാർ പദ്ധതിയായി പരക്കെ വ്യാപിക്കണം. അംഗങ്ങൾക്ക് ഗ്രേസ് മാർക്കും മറ്റ് സൗകര്യങ്ങളും ഒരുക്കുമ്പോൾ കൂടുതൽ പങ്കാളിത്തമുണ്ടാകും. ആരോഗ്യസേനയിൽ കൂടുതൽ കുട്ടികളെത്തുന്നത് നാടിന് വലിയ മുതൽക്കൂട്ടാകും.