കൊല്ലം: സിവിൽ സർവീസ് ഉദ്യോഗങ്ങൾ തൊഴിലായല്ല മറിച്ച് സേവനം നടത്താനുള്ള അവസരമായാണ് കാണേണ്ടതെന്ന് കൊല്ലം റൂറൽ എസ്.പി ബി.അശോകൻ പറഞ്ഞു. ചിറ്റുമല സെന്റ് ജോസഫ്‌സ് ഇന്റർനാഷണൽ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവത്കരണ ക്ളാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാവിയിൽ ആരാകണം എന്ന ഉറച്ച വിശ്വാസം ഓരോ വിദ്യാർത്ഥിക്കും ഉണ്ടാകണം. അങ്ങനെയായാൽ സിവിൽ സർവീസ് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് വിദ്യാർത്ഥികൾ ഉന്നയിച്ച സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. സ്‌കൂൾ മാനേജിംഗ് ഡയറക്ടർ ജോസഫ് ഡി. ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് മാനേജർ സ്മിത രാജൻ, പ്രിൻസിപ്പൽ സുനിത, വൈസ് പ്രിൻസിപ്പൽമാരായ കൃഷ്ണകുമാർ, ആനി തോമസ്, പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ അന്നമ്മ ലൂക്കോസ്, ഷീജ, മഞ്ജു നായർ, സന്ദേശ് നല്ലില എന്നിവർ പ്രസംഗിച്ചു.