തീരുമാനം പിൻവലിച്ചില്ലെങ്കിൽ സമരം
കൊല്ലം: തിരുവിതാംകൂർ, കൊച്ചി, ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വം ബോർഡുകളിലെ ഉദ്യോഗ നിയമനങ്ങളിൽ സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ സർക്കാർ തീരുമാനം പിന്നാക്ക ജനതയോടുള്ള വെല്ലുവിളിയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തീരുമാനം ഉടൻ പിൻവലിക്കണം. അല്ലാത്തപക്ഷം ശക്തമായ സമരത്തിന് കേരളം സാക്ഷ്യം വഹിക്കും.
ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരിൽ 96 ശതമാനവും മുന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവരായിരിക്കെ വീണ്ടും അവർക്ക് 10 ശതമാനം സംവരണം അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് സാമൂഹ്യനീതിയോടുള്ള വെല്ലുവിളിയാണ്. യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി പ്രവേശനത്തിൽ തുടങ്ങി ഇപ്പോൾ ദേവസ്വം ബോർഡിൽ നടപ്പിലാക്കി, തുടർന്ന് എല്ലാ നിയമനങ്ങളിലും സാമ്പത്തിക സംവരണം കൊണ്ടുവരാനുള്ള ഗൂഢതന്ത്രമാണിത്.
ഇക്കാലമത്രയും ഭരിച്ച ഒരു സർക്കാരുമല്ല പിന്നാക്കക്കാർക്ക് സംവരണം നൽകിയത്. ഭരണഘടനാദത്തമായി ലഭിച്ചതാണ്. അതിനെ അട്ടിമറിച്ച് പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശം കവർന്നെടുക്കാനുള്ള തീരുമാനത്തെ ജനാധിപത്യ രീതിയിലും നിയമപരമായും നേരിടും. കാലകാലങ്ങളിൽ ഉണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്യാനും മാദ്ധ്യമശ്രദ്ധ തിരിച്ചുവിടാനും വേണ്ടി ബന്ധപ്പെട്ടവർ തമ്മിൽ ഒരു അന്തർധാര നിലനിൽക്കുന്നുണ്ടെന്ന് പൊതുസമൂഹം വിലയിരുത്തുന്നു.
സുപ്രീംകോടതി വിധിയിൽ ശബരിമല സ്ത്രീപ്രവേശനം നടപ്പിലാക്കാൻ ആർജ്ജവം കാണിക്കുന്ന സർക്കാർ അതേ കോടതിയുടെ ഒൻപതംഗ ഭരണഘടനാ ബെഞ്ചിന്റെ സാമ്പത്തിക സംവരണം പാടില്ലെന്ന വിധിയെ കൗശലപൂർവം അട്ടിമറിക്കാൻ ശ്രമിക്കുന്നു. ഇത് നീതീകരിക്കാനാവില്ല.
ഹിന്ദു ഐക്യത്തിനു വേണ്ടി ഇപ്പോൾ ഇതിനെ തള്ളിപ്പറയുന്നവരുടെ ഗൂഢലക്ഷ്യം എന്താണെന്ന് എല്ലാവർക്കുമറിയാം. അവർ തന്നെയാണ് ഈഴവർക്ക് മതിയായ പ്രാതിനിദ്ധ്യം ലഭിച്ചെന്നും അവരെ സംവരണത്തിൽ നിന്ന് ഒഴിവാക്കണമെന്നു ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പോയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.