kappal
കൊല്ലം പോർട്ടിൽ എത്തിയ ജർമ്മൻ ചരക്കു കപ്പൽ റെജിൻ

കൊല്ലം: കൂറ്റൻ ജർമ്മൻ കപ്പൽ എം.വി.റെജീൻ കൊല്ലം തുറമുഖത്തെത്തി. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണത്തിനുള്ള സാധനങ്ങളുമായെത്തിയ കപ്പൽ ഇന്നലെ വൈകിട്ട് 5.15നാണ് തുറമുഖത്തെ ബർത്തിൽ അടുപ്പിച്ചത്. ഉച്ച കഴിഞ്ഞതോടെ കപ്പൽ പുറംകടലിൽ എത്തിയിരുന്നു.
ജർമ്മൻ കമ്പനിയായ സാലിന്റെ ഉടമസ്ഥതയിലുള്ളതാണ് എം.വി.റെജീൻ. വിഴിഞ്ഞം തുറമുഖത്തിന്റെ ഡ്രഡ്‌ജിംഗിന് ആവശ്യമായ ശാന്തിസാഗർ 2 എന്ന ഡ്രഡ്‌ജറും ഫ്ലോട്ടിംഗ് പൈപ്പുകളും വഹിച്ചാണ് റെജീൻ എത്തിയത്. ഇതിനൊപ്പം 700 ടണ്ണിന്റെ രണ്ടും 350 ടണ്ണിന്റെ ഒരു ക്രെയിനും കപ്പലിലുണ്ട്. 160 മീറ്റർ നീളവും 13508 ടൺ സംഭരണ ശേഷിയുമുള്ള കപ്പലിൽ 19 ജീവനക്കാരാണുള്ളത്. ഫ്ലോട്ടിംഗ് പൈപ്പുകളും കണ്ടെയ്‌നറുകളും ഇന്ന് രാവിലെ മുതൽ തുറമുഖത്തിറക്കും. ഇവിടെ നിന്ന് റോഡ് മാർഗം കണ്ടെയ്‌നറുകളും പൈപ്പുകളും വിഴിഞ്ഞത്ത് എത്തിക്കും. ഗുജറാത്തിലെ മുംദ്ര തുറമുഖത്ത് നിന്ന് എത്തിയ കപ്പൽ രണ്ട് ദിവസം കൊല്ലത്ത് തങ്ങിയ ശേഷം 6ന് ചെന്നൈ തീരത്തേക്ക് തിരിക്കും.