കൊല്ലം: ജില്ലാ ആശുപത്രി വാർഡിൽ ചികിത്സയിലായിരുന്ന വീട്ടമ്മയ്ക്ക് മേൽക്കൂരയിലെ ഫാൻ ഇളകി വീണ് പരിക്കേറ്റു. മൂന്നാം നിലയിലെ സ്ത്രീകളുടെ വാർഡിൽ ചികിത്സയിലിരുന്ന പടിഞ്ഞാറെകല്ലട സ്വദേശി വത്സലയ്‌ക്കാണ് (50) പരിക്കേറ്രത്. വ്യാഴാഴ്‌ച രാത്രി 8.30നായിരുന്നു അപകടം. മുകളിൽ കറങ്ങിക്കൊണ്ടിരുന്ന ഫാനിന്റെ ലീഫുകൾ കട്ടിലിൽ ഇരിക്കുകയായിരുന്ന വത്സലയുടെ കഴുത്തിലേക്ക് ഒടിഞ്ഞ് വീഴുകയായിരുന്നു. തലനാരിഴയ്‌ക്കാണ് ഫാൻ തലയിൽ വീഴാതെ രക്ഷപ്പെട്ടത്.
തലയുടെ പിന്നിൽ കഴുത്തിന്റെ ഭാഗത്ത് മുറിവേറ്റ ഇവർക്ക് ആശുപത്രി അധികൃതരുടെ നേതൃത്വത്തിൽ സ്‌കാനിംഗ് ഉൾപ്പെടെ നടത്തി ആവശ്യമായ ചികിത്സ നൽകി. ഇന്നലെ ഉച്ചയ്‌ക്ക് ശേഷം ഇവർ വീട്ടിലേക്ക് മടങ്ങി. ഇളകി വീണ ഫാൻ ഇന്നലെ വൈകിട്ടും പുനസ്ഥാപിച്ചിട്ടില്ല.അപകടത്തിന് പിന്നാലെ ആശുപത്രിയിലെ മുഴുവൻ ഫാനുകൾ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കാൻ ആശുപത്രി സൂപ്രണ്ട് നിർദേശിച്ചു. ഫാനുകൾ ഇളകിയും ഒടിഞ്ഞും വീഴുമെന്ന ഭയത്തിൽ രോഗികളിൽ പലരും ഫാനുകൾക്ക് കീഴിൽ നിന്ന് മാറി കിടക്കാൻ ശ്രമിക്കുകയാണിപ്പോൾ.
ആശുപത്രിയിൽ പ്ലംബറില്ല, മുഴുവൻ സമയ ഇലക്ട്രീഷ്യനും
താത്കാലിക അടിസ്ഥാനത്തിൽ നിയമിച്ച ഒരു ഇലക്ട്രീഷ്യൻ മാത്രമാണ് ആശുപത്രിയിലുള്ളത്. കൂടുതൽ ഇലക്ട്രീഷ്യൻമാരെ നിയമിച്ചെങ്കിൽ മാത്രമേ അടിയന്തര സാഹചര്യങ്ങളിൽ തകരാറുകൾ പരിഹരിക്കാൻ സാധിക്കൂ. പി.എസ്.സി മുഖേന നിയമിക്കേണ്ട പ്ലംബറുടെ തസ്‌തികയും ഒഴിഞ്ഞ് കിടക്കുകയാണ്. മൂന്ന് പമ്പ് ഓപ്പറേറ്റർമാരാണ് ആശുപത്രിയിലെ പ്ലംബിംഗ്, ഇലക്ട്രിക്കൽ ജോലികൾക്ക് പലപ്പോഴും സഹായിക്കുന്നത്. വിക്ടോറിയ ആശുപത്രിയിലെ ഒരു പ്ലംബറും ജില്ലാ ആശുപത്രിയിലെ രണ്ട് പ്ലംബർമാരും ചേർന്നാണ് 24 മണിക്കൂർ സേവനം നൽകുന്നത്.
അപകടത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ഫാനുകളും പരിശോധിച്ച് സുരക്ഷ ഉറപ്പാക്കാൻ നിർദേശം നൽകി. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലെടുക്കും.
ഡോ.ഡി.വസന്തദാസ്, ജില്ലാ ആശുപത്രി സൂപ്രണ്ട്.