കുണ്ടറ: കുണ്ടറയിലും സമീപ പ്രദേശങ്ങളിലും മോഷണം തുടർക്കഥയാകുമ്പോഴും പൊലീസ് അന്വേഷണം മുടന്തുന്നു. ഒരാഴ്ചയ്ക്കുള്ളിൽ അര ഡസനോളം കവർച്ചയാണ് മേഖലയിൽ നടന്നത്. എന്നാൽ ഇതുവരെയും പ്രതികളെക്കുറിച്ച് പൊലീസിന് യാതൊരു തുമ്പും ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കുണ്ടറ സിറാമിക്സിന് സമീപം വിജയഭവനിൽ ശ്രീനിവാസന്റെ വീടിന്റെ മുൻവാതിൽ കുത്തിപ്പൊളിച്ച് നടത്തിയ മോഷണ ശ്രമമാണ് അവസാനത്തേത്. ശ്രീനിവാസനും കുടുംബവും മകളോടൊപ്പം ബംഗളുരുവിലാണ് താമസം. ഇന്നലെ അയൽവാസിയായ ബിന്ദു വീട്ടിലെത്തിയപ്പോഴാണ് വാതിൽ തകർത്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അലമാരകളും കബോർഡുകളും കുത്തിത്തുറന്ന നിലയിലാണ്. എന്നാൽ സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല.
കുഴിയത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ നാലിടത്ത് മോഷണശ്രമങ്ങൾ നടന്നു. പൂട്ടിക്കിടക്കുന്ന വീടുകളാണ് കവർച്ചക്കാർ പ്രധാനമായും ലക്ഷ്യമിടുന്നത്. കുഴിയം ശ്രീലകത്തിൽ സന്തോഷ് കുമാറിന്റെ വീട്ടിൽ മോഷ്ടാക്കൾ എത്തിയെങ്കിലും ഒന്നും കവരാൻ സാധിച്ചില്ല. ഒരാഴ്ച മുൻപായിരുന്നു ഈ വീടിന്റെ ഗൃപ്രവേശം നടന്നത്. ശ്രീകുമാറിന്റെ സ്വാതിയിൽ വീട്ടിൽ നിന്ന് ആറന്മുള കണ്ണാടിയാണ് തസ്കരന്മാർ കൊണ്ടുപോയത്. രഘുനാഥൻപിള്ളയുടെ കാരുവള്ളിൽ വീട്ടിലും മുൻവാതിൽ കുത്തിത്തുറന്ന് മോഷ്ടാക്കൾ കടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല. അഞ്ചാംകുറ്റിയിൽ കടയുടെ ഷട്ടറിന്റെ പൂട്ടുപൊളിച്ചും മോഷണശ്രമം നടന്നു. കുണ്ടറ പൊലീസ് സ്റ്റേഷന്റെ 300 മീറ്റർ അകലെ കതക് പൊളിച്ച് 10.75 പവന്റെ ആഭരണങ്ങളും 1.5 ലക്ഷം രൂപയും കവർന്നിട്ടും ദിവസം പതിനഞ്ച് കഴിഞ്ഞു. എന്നാൽ മൂക്കിൻതുമ്പിൽ നടന്ന മോഷണത്തിലെ പ്രതികളെക്കുറിച്ചും വിവരം ലഭിക്കാതെ പൊലീസ് ഇരുട്ടിൽത്തപ്പുകയാണ്. വിഷയത്തിൽ പ്രതിഷേധം കനത്തതോടെ പൊലീസ് പ്രതിരോധത്തിലാണ്. മോഷ്ടാക്കളെ ഇതുവരെയും പിടികിട്ടാത്തതിനാൽ നാട്ടുകാർ കനത്ത ഭീതിയിലാണ് കഴിയുന്നത്. വീടുപൂട്ടി പുറത്ത് പോകാൻപോലും ഭയക്കുന്ന അവസ്ഥയിലാണ് കാര്യങ്ങൾ.