കൊല്ലം: പ്രോഡക്ട് ഡിസൈൻ രംഗത്ത് സംസ്ഥാനത്തെ ഏക നൈപുണ്യവികസന സ്ഥാപനമായ കൊല്ലത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈനിനെ അന്തർദ്ദേശീയ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈനിന്റെ സഹകരണത്തോടെയാണ് വികസന പദ്ധതികൾ ആവിഷ്‌കരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഇൻസ്റ്റിറ്റ്യൂട്ടിലെ 2018ലെ ബിരുദദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അടുത്ത ബഡ്ജറ്റിൽ ഇൻസ്റ്റിറ്റ്യൂട്ടിനായി ഒമ്പതുകോടി രൂപ വകയിരുത്താനാണ് തൊഴിലും നൈപുണ്യവും വകുപ്പ് ഉദ്ദേശിക്കുന്നത്. ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ സംസ്ഥാന ആസൂത്രണബോർഡിന്റെ അംഗീകാരത്തിന് സമർപ്പിക്കും.
കുടുംബശ്രീ കൂട്ടായ്മകൾക്കും സ്വയംസഹായ സംഘങ്ങൾക്കും വ്യക്തികൾക്കും കരകൗശല ഉത്പന്നങ്ങളുടെ നിർമ്മാണത്തിൽ പരിശീലനം നൽകാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സൗകര്യമുണ്ട്. ഇവിടെ പരിശീലനം നേടി കരകൗശല ഉത്പന്ന നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അന്തർദ്ദേശീയ മേളകളിൽ പങ്കെടുക്കുന്നതിന് അവസരമൊരുക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് മുൻകൈ എടുക്കണം.
ആധുനിക തൊഴിൽമേഖലകളിലെ മാറ്റങ്ങൾക്ക് അനുസരിച്ച് യുവതലമുറയുടെ അറിവും നൈപുണ്യവും വികസിപ്പിക്കാൻ ഉപകരിക്കുന്ന പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കിവരികയാണ്. പുതിയ തൊഴിൽ മേഖലകൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ അതിനൊത്ത് കഴിവുകൾ ആർജ്ജിക്കാൻ യുവജനങ്ങൾ പരിശ്രമിക്കണമെന്ന് മന്ത്രി നിർദേശിച്ചു.
മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് മന്ത്രി ജെ. മെഴ്‌സിക്കുട്ടിഅമ്മ അവാർഡ് സമ്മാനിച്ചു. അഡീഷനൽ ചീഫ് സെക്രട്ടറി ആശ തോമസ്, ലേബർ കമ്മിഷണർ എ. അലക്‌സാണ്ടർ, കെ.എസ്.ഐ.ഡി. എക്‌സി. ഡയറക്ടർ സി. പ്രതാപ് മോഹൻനായർ തുടങ്ങിയവർ പങ്കെടുത്തു.