കൊല്ലം: മുണ്ടയ്ക്കൽ തുമ്പറ മഹാദേവീ ക്ഷേത്രത്തിൽ നവംബർ ഇന്ന് മുതൽ നടക്കുന്ന ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി യജ്ഞശാലയിലേക്കുള്ള വിഗ്രഹഘോഷയാത്ര ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് നടന്നു. ഇന്ന് വൈകിട്ട് 7ന് ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എസ്. ജയചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ യജ്ഞം ഉദ്ഘടാനം ചെയ്യും. ക്ഷേത്രം തന്ത്രി കുട്ടൻ പേരൂർ കലാധരൻ ഭഭ്രദീപ പ്രകാശനവും ഭാഗവതസത്ര സമിതി ഉപാദ്ധ്യക്ഷൻ എസ്. നാരായണ സ്വാമി ഗ്രന്ഥസമർപ്പണവും നിർവഹിക്കും. ആനന്ദധാമം ആശ്രമ ആചാര്യൻ സ്വാമി ബോധേന്ദ്രതീർത്ഥ, കേരളകൗമുദി റസിഡന്റ് എഡിറ്റർ എസ്. രാധാകൃഷ്ണൻ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. യജ്ഞാചാര്യൻ പള്ളിക്കൽ സുനിൽ ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തും. ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി അഡ്വ. കെ.ടി. അനിൽരാജ് സ്വാഗതം പറയും. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 7 മുതൽ ഭഗവത ജ്ഞാനയജ്ഞവും ഉച്ചയ്ക്ക് 1ന് അന്നദാനവും മറ്റ് വിശേഷാൽ പരിപാടികളും ഉണ്ടായിരിക്കും.