waste
കൊല്ലം ഡി.സി.സി ഓഫീസിന് സമീപത്ത് റോഡരുകിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലം

മാലിന്യം സംസ്കരണപ്ളാന്റുകളിൽ എത്തുന്നില്ല

ഇടവഴികളിലും നഗരകേന്ദ്രത്തിലുമടക്കം മാലിന്യം

കൊല്ലം: മാലിന്യ സംസ്കരണത്തിന് സാദ്ധ്യമായ വഴികളെല്ലാം നഗരസഭ തേടുമ്പോഴും കൊല്ലത്തിന്റെ നിരത്തുകളും പൊതുഇടങ്ങളും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാകുന്നു. നഗരകേന്ദ്രമായ ചിന്നക്കടയിലെ പഴയ കുഞ്ഞമ്മപ്പാലം മുതൽ ചെറിയ ഇടവഴികളിൽ വരെ മാലിന്യ കൂമ്പാരമാണ്. ചെറിയ പ്ലാസ്റ്റിക് കവറുകളിൽ കെട്ടി നിരത്തുകളിൽ മാലിന്യം നിക്ഷേപിക്കുന്നത് പതിവാക്കുകയാണ് ഭൂരിപക്ഷം നഗരവാസികളും. തുമ്പൂർമുഴി മാതൃകയിലുള്ള 9 എയറോബിക് യൂണിറ്റുകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്. പക്ഷേ അവിടെ മാലിന്യപ്പൊതികൾ എത്തിച്ച് കൊടുക്കാതെ നിരത്തിൽ നിക്ഷേപിക്കാനാണ് ഏവർക്കും താത്പര്യം. ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കുന്നുവെന്ന് ബോദ്ധ്യപ്പെട്ടിട്ടും നഗരസഭയുടെ മാലിന്യ സംസ്കരണ പദ്ധതികളോട് സഹകരിക്കാതെ മുഖം തിരിക്കുകയാണ് പലരും. പൊതുനിരത്തുകളിൽ മാലിന്യം നിക്ഷേപിച്ചവരെ വാഹനമടക്കം മുൻപ് നഗരസഭ ആരോഗ്യ വിഭാഗം പിടികൂടി പിഴ ഈടാക്കിയിരുന്നു. എന്നാൽ ഇതൊന്നും ഇത്തരക്കാരെ പിന്തിരിപ്പിക്കാൻ ഉതകുന്നില്ല.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള എയറോബിക് യൂണിറ്റുകൾ പ്രവർത്തിപ്പിക്കാൻ എല്ലായിടത്തും ജീവനക്കാരുണ്ട്. മാലിന്യം എത്തിച്ച് കൊടുത്താൽ തരം തിരിച്ച് ഇവിടെ ജൈവ വളമാക്കും. 12 മാർക്കറ്റുകളിലും മാലിന്യം സംസ്കരണത്തിന് ബയോ ഗ്യാസ് പ്ലാന്റുകളുണ്ട്. ശക്തികുളങ്ങര ഹാർബർ, ശക്തികുളങ്ങര സോണൽ ഓഫീസ് പരിസരം, ചിന്നക്കട പുള്ളിക്കട കോളനി, കടപ്പാക്കട എന്നിവിടങ്ങളിൽ നാല് എയറോബിക് യൂണിറ്റുകൾ കൂടി ഉടനടി സജ്ജമാകും.ഇതിന് പുറമെ പത്ത് യൂണിറ്റുകളുടെ കൂടി ടെൻഡർ പൂർത്തിയായി. ശുചിത്വമിഷന്റെ സഹകരണത്തോടെ നഗരസഭയുടെ എല്ലാ ഡിവിഷനുകളിലും എയറോബിക് യൂണിറ്റുകൾ സ്ഥാപിക്കാനുള്ള പ്രവർത്തനം അന്തിമഘട്ടത്തിലാണ്. എന്നാൽ മാലിന്യം വലിച്ചെറിയാനുള്ളതാണെന്ന ധാരണയാണ് എല്ലാം കുളമാക്കുന്നത്.

 വീടുകളിൽ ബയോഗ്യാസ് പ്ലാന്റും എയറോബിക് ബിന്നും

വീടുകളിൽ സ്ഥാപിക്കാൻ സബ്സിഡി നിരക്കിൽ ബയോഗ്യാസ് പ്ലാന്റും എയറോബിക് ബിന്നും നഗരസഭ നൽകുന്നുണ്ട്. 1800 രൂപ വിലവരുന്ന എയറോബിക് ബിന്നിന് 900 രൂപയും 10600 രൂപ വില വരുന്ന ബയോഗ്യാസ് പ്ലാന്റിന് 2650 രൂപയും അടച്ചാൽ മതി. ഇതിനുള്ള അപേക്ഷകൾ നഗരസഭ സ്വീകരിച്ച് തുടങ്ങി.

 പ്ലാസ്റ്റിക് ശേഖരിക്കാൻ ഹരിതകർമ്മ സേന

37 ഡിവിഷനുകളിലെ വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാനുള്ള പ്രവർത്തനങ്ങൾ ഹരിത കർമ്മസേന ആരംഭിച്ചു. ശേഖരിക്കുന്ന മാലിന്യങ്ങൾ ശക്തികുളങ്ങരയിലെയും അഞ്ചാലുംമൂട്ടിലെയും പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രങ്ങളിലെത്തിക്കും. ഇരവിപുരത്തും വടക്കേവിളയും രണ്ട് പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റുകൾ കൂടി വൈകാതെ ആരംഭിക്കും. പ്ലാസ്റ്റിക് ശേഖരിക്കാൻ ഒരു വീട്ടിൽ നിന്ന് 60 രൂപാ വീതം ഫീസ് ഈടാക്കും.

മാലിന്യ സംസ്കരണത്തിന് സാധ്യമായ എല്ലാ മർഗങ്ങളും നഗരസഭ തേടുകയാണ്. നിരത്തിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ നടപടിയുണ്ടാകും

പി.ജെ.രാജേന്ദ്രൻ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ