kulikadave
പുനലൂരിന് സമീപത്തെ മുക്കടവിലെ കുളിക്കടവ്,

പുനലൂർ: ശബരിമല മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോൾ ഇടത്താവളമായ പുനലൂരിൽ ഒരുക്കങ്ങൾ തുടങ്ങിയിട്ടില്ല. അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്, കർണ്ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്ന് ശബരിമല തീർത്ഥാടനത്തിന് എത്തുന്ന അയ്യപ്പഭക്തർ ദർശനത്തിന് പോകുന്നതും മടങ്ങുന്നതും പുനലൂരിൽ വിശ്രമിച്ച ശേഷമാണ് . ദിവസവും ആയിരക്കണക്കിന് അയ്യപ്പ ഭക്തരാണ് എത്തുന്നത്. പുനലൂരിലെ സ്നാനഘട്ടവും സമീപ പ്രദേശമായ മുക്കടവിലെ കുളിക്കടവുകളും വൃത്തിഹീനമായി കിടക്കുകയാണ്. ഇവിടെ മറ്റ് അടിസ്ഥാന സൗകര്യങ്ങളും അധികൃതർ ഒരുക്കിയിട്ടില്ല. മിനി പമ്പയെന്ന് അറിയപ്പെടുന്ന പുനലൂരിലെ ടി.ബി.ജംഗ്ഷനിൽ തീർത്ഥാടകരെ ലക്ഷ്യമിട്ട് വ്യാപാരികൾ താത്കാലിക വ്യാപാരശാലകൾ ആരംഭിച്ചിട്ടുണ്ട്. പക്ഷേ അധികൃതർ ഇനിയും ഉണർന്നിട്ടില്ല. ടി.ബി.ജംഗ്ഷനിൽ വിശ്രമത്തിനായി നിറുത്തുന്ന തീർത്ഥാടകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ മറ്റ് സൗകര്യങ്ങൾ ഒരുക്കാത്തത് മൂലം ഈ സീസണിലും ദേശീയ പാതയോരത്ത് പാർക്ക് ചെയ്യേണ്ട അവസ്ഥയാണ്. ഇത് ഗതാഗതക്കുരുക്കിനും തടസങ്ങൾക്കും കാരണമാകുമെന്ന് നാട്ടുകാർ പറഞ്ഞു.