കൊല്ലം: കൊല്ലം തുറമുഖത്തെത്തിയ ഭീമൻ കപ്പൽ എം.വി റെജീനിൽ നിന്ന് വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനുള്ള ഉപകരണങ്ങൾ ഇറക്കിത്തുടങ്ങി. ഉപകരണങ്ങൾ വിഴിഞ്ഞത്തേക്ക് കൊണ്ടുപോകാൻ അദാനിയുടെ ജലശ്വാ എന്ന ടഗും കഴിഞ്ഞ ദിവസം തുറമുഖത്ത് എത്തിയിരുന്നു.
കപ്പലിൽ നിന്ന് ഡ്രഡ്ജറും അനുബന്ധ ഉപകരണമായ സ്പുടും ഇന്നലെ ഇറക്കി. ഫ്ലോർ പൈപ്പുകളും ഫ്ലോട്ടിംഗ് പൈപ്പുകളും ഇന്ന് ഇറക്കിയ ശേഷം ചെന്നൈയിലെ കാട്ടുപ്പള്ളി തുറമുഖത്തേക്ക് കപ്പൽ ചൊവ്വാഴ്ച മടങ്ങും. കൊല്ലത്തെ കസ്റ്റംസ്, പോർട്ട്, എമിഗ്രേഷൻ വിഭാഗങ്ങളുടെ സേവനത്തിൽ കപ്പലിന്റെ ക്യാപ്റ്റനായ ജർമ്മൻ സ്വദേശി മൈക്കിൾ സംതൃപ്തി രേഖപ്പെടുത്തി.
ജർമ്മൻ കമ്പനിയായ സാലിന്റെ ഉടമസ്ഥതയിലുള്ളതാണ് എം.വി റെജീൻ. കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്.എസ്.മാരിടൈം എന്ന ഷിപ്പിംഗ് ഏജൻസിയാണ് കപ്പൽ കൊല്ലത്ത് എത്തിച്ചത്. കൊല്ലം തുറമുഖത്ത് എത്തിയ മൂന്നാമത്തെ വലിയകപ്പലാണ് എം.വി.റെജീനെന്ന് എസ്.എസ്.മാരിടൈം ഓപ്പറേഷൻ ഡയറക്ടർ ജോർജ്ജ് സേവ്യർ പറഞ്ഞു.
എൻജിൻ തകരാറായ ഉരു കൊല്ലത്ത് അടുപ്പിച്ചു
തൂത്തുക്കുടിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് പോകുന്നതിനിടയിൽ ഉൾക്കടലിൽ വച്ച് എൻജിൻ തകരാറായ ഉരു കൊല്ലം തുറമുഖത്ത് അടുപ്പിച്ചു. കൊല്ലം തീരത്ത് നിന്ന് 15 നോട്ടിക്കൽ മൈൽ അകലെവച്ചാണ് ഫൈസി ഹുസൈൻഗ് എന്ന ഉരുവിന് തകരാർ സംഭവിച്ചത്. അറ്റകുറ്റപ്പണി പൂർത്തിയാക്കി മൂന്ന് ദിവസത്തിനുള്ളിൽ ഉരു ലക്ഷദ്വീപിലേക്ക് തിരിക്കും.