samskara
പാരിപ്പള്ളി സംസ്കാരയുടെ പന്ത്രണ്ടാമത് പ്രൊഫഷണൽ നാടക മത്സരം ചലച്ചിത്ര സംവിധായകൻ പ്രിയനന്ദൻ ഉദ്ഘാടനം ചെയ്യുന്നു. സെക്രട്ടറി ആർ. രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. ജയപ്രകാശ് തുടങ്ങിയവർ സമീപം

കൊല്ലം: മഹാപ്രളയത്തെ നമ്മൾ ഒത്തൊരുമയോടെ അതിജീവിച്ചെങ്കിലും പ്രളയാനന്തരം നാട്ടിലെ കലാകാരന്മാരുടെ അവസ്ഥ ഏറെ ക്ളേശകരമാണെന്ന് ചലച്ചിത്ര സംവിധായകൻ പ്രിയനന്ദൻ പറഞ്ഞു. പാരിപ്പള്ളി സംസ്കാരയുടെ പന്ത്രണ്ടാമത് പ്രൊഫഷണൽ നാടക മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രളയത്തിന് ശേഷം മറ്റെല്ലാ മേഖകളും പൂർവസ്ഥിതിയിലായെങ്കിലും നാട്ടിലെ കലാപരിപാടികളെല്ലാം ഇപ്പോഴും മാറ്റിവയ്ക്കുകയാണ്. ഇതോടെ കലാകാരന്മാരും അവരുടെ കുടുംബവും പട്ടിണിയിലായി. ഈ ദുരവസ്ഥ വേണ്ടത്ര ഗൗരവത്തോടെ സമൂഹം മനസിലാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്. കലാകാരൻ അവന് വേണ്ടി മാത്രമല്ല ജീവിക്കുന്നത്. അവന്റെ ഓരോ വാക്കും കലയിലൂടെ നൽകുന്ന സന്ദേശവും സമൂഹത്തിൽ വലിയ മാറ്റങ്ങൾക്ക് പ്രേരകമാകുന്നു. കലാകാരന്മാരെ എല്ലാ കാലത്തും ഭരണാധികാരികൾ ഭയക്കുന്നതും അതുകൊണ്ടാണ്. നാടകമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പാഠശാലയെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. ജയപ്രകാശിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ബാലഭാസ്കറിന് ഹൃദയാഞ്ജലി അർപ്പിച്ച് സംസ്കാര കലാക്ഷേത്രം അദ്ധ്യാപകൻ വിജിൻദേവ് വയലിൻ വാദനം നടത്തി. നടനും സംവിധായകനുമായ കൈനകരി തങ്കരാജിനെ പ്രിയനന്ദൻ പൊന്നാട ചാർത്തി ആദരിച്ചു. നാടക നടനും സംവിധായകനുമായ വക്കം ഷക്കീർ പ്രസംഗിച്ചു. സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ കെ.പി.എ.സി പുഷ്പലതയ്ക്ക് ചികിത്സാ ധനസഹായമായി 5000 രൂപയും അഞ്ച് വിദ്യാർത്ഥികൾക്ക് പഠന സഹായമായി 1000 രൂപ വീതവും ചടങ്ങിൽ നൽകി. സെക്രട്ടറി ആർ. രാധാകൃഷ്ണൻ സ്വാഗതവും പ്രസിഡന്റ് ജി. രാജീവൻ നന്ദിയും പറഞ്ഞു.