pulimuttu
ആലപ്പാട് പഞ്ചായത്തിലെ തകർച്ച നേരിടുന്ന പുലിമുട്ടുകൾ

കരുനാഗപ്പള്ളി: സമുദ്രതീരം സംരക്ഷിക്കാൻ ആലപ്പാട് ഗ്രാമപഞ്ചായത്തിലെ തീരങ്ങളിൽ ജലസേചന വകുപ്പ് നിർമ്മിച്ച പുലിമുട്ടുകൾ തകർച്ചയുടെ വക്കിൽ. കാലാകാലങ്ങളിൽ അറ്റകുറ്റപ്പണി നടത്തുന്നതിൽ അധികൃതർ കാട്ടിയ അലംഭാവവും നിർമ്മാണത്തിലെ അപാകതയും ആണ് പുലിമുട്ടുകളുടെ നാശത്തിന് വഴിതെളിച്ചത്.
പത്ത് വർഷം മുമ്പാണ് കടൽത്തീരം സംരക്ഷിക്കാൻ ആലപ്പാട് ഗ്രാമപഞ്ചായത്തിലുടനീളം പുലിമുട്ടുകൾ നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചത്. കരയിൽ നിന്ന് കടലിലേക്ക് നീളത്തിൽ പാറ കഷണങ്ങൾ അടുക്കി തിരമാലകളെ മുറിച്ച് തീരം സംരക്ഷിക്കുകയായിരുന്നു ലക്ഷ്യം. ചെന്നൈ ഐ.ഐ.ടി യിലെ വിദഗ്ദ്ധരാണ് പുലിമുട്ടിന്റെ രൂപരേഖ തയ്യാറാക്കിയത്. പരീക്ഷണാടിസ്ഥാനത്തിൽ അഴീക്കൽ പഞ്ചായത്തിലെ നാലാം വാർഡിലാണ് ആദ്യത്തെ പുലിമുട്ട് നിർമ്മിച്ചത്. സുനാമി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു നിർമ്മാണം. സംരംഭം വിജയമാണെന്ന് കണ്ടതോടെ കൂടുതൽ സ്ഥലങ്ങളിൽ പുലിമുട്ട് നിർമ്മിക്കാൻ സർക്കാർ തയ്യാറായി. തുടർന്ന് അഴീക്കലിൽ ആറും പറയകടവിൽ മൂന്നും ആലപ്പാടും കുഴിത്തുറയിലുമായി നാലും പുലിമുട്ടുകൾ നിർമ്മിച്ചു. ഇതിൽ രണ്ടാംഘട്ടത്തിൽ നിർമ്മിച്ച പുലിമുട്ടുകളാണ് ഇപ്പോൾ തകർച്ച നേരിടുന്നത്.
രണ്ടാംഘട്ടത്തിൽ നിർമ്മിച്ച പുലിമുട്ടുകളുടെ നീളം 45 മീറ്ററിൽ താഴെ മാത്രമാണ്. കടലിൽ നിന്ന് ശക്തിയായി തീരത്തേയ്ക്ക് അടിച്ചുകയറുന്ന തിരമാലകളെ മുറിക്കാൻ കഴിയുന്നുണ്ടെങ്കിലും പുലിമുട്ടുകൾക്ക് നീളം കുറവായതിനാൽ തിരയുടെ ശക്തി കുറയുന്നില്ല. ഇതുകാരണം തീരപ്രദേശമാകെ തകരുകയാണ്.
പുലിമുട്ടുകളുടെ അഗ്രഭാഗങ്ങളിൽ വലിയ പാറക്കഷണങ്ങൾ (നമ്പർ സ്റ്റോണുകൾ) അടുക്കുന്നതിന് പകരം വലുപ്പമില്ലാത്ത പാറയാണ് ഉപയോഗിച്ചിട്ടുള്ളത്. കൂറ്റൻ തിരമാലകളെ ചെറുക്കാൻ ഇവയ്ക്ക് ശേഷിയില്ല. പുലിമുട്ടുകളുടെ അഗ്രഭാഗങ്ങൾ പലയിടത്തും തകർന്നു. തിരമാലകൾ നിരന്തരം പുലിമുട്ടുകളിൽ അടിച്ച് കയറുന്നതിനാൽ പാറകളിൽ വിള്ളലുകൾ ഉണ്ടാവുക സ്വാഭാവികമാണ്. അതിനാലാണ് പുലിമുട്ടുകളുടെ അറ്റകുറ്റപ്പണികൾ യഥാസമയം നടത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഒരിക്കൽപ്പോലും പുലിമുട്ടുകളുടെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ഒരു പുലിമുട്ട് പൂർത്തിയാക്കാൻ 70 ലക്ഷത്തോളം രൂപയാണ് ഖജനാവിൽ നിന്ന് ചെലവഴിക്കുന്നത്. പുലിമുട്ടുകൾ തകർന്ന് തുടങ്ങിയതോടെ കോടികളാണ് കടലിൽ ഒലിച്ച് പോകുന്നത്.

പുലിമുട്ടുകളുടെ എണ്ണം

അഴീക്കൽ: 6
പറയകടവ്: 3
ആലപ്പാടും കുഴിത്തുറയിലും: 4
ഒരെണ്ണത്തിന്റെ നീളം: 45 മീറ്റർ

ഒരു പുലിമുട്ടിന് ചെലവ് 70 ലക്ഷം രൂപ
രൂപരേഖ തയ്യാറാക്കിയത് ചെന്നൈ ഐ.ഐ.ടി