കൊല്ലം: മൺറോതുരുത്ത് ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിൽ പ്രളയവും പരിസ്ഥിതി പ്രശ്‌നങ്ങളും മൂലം നിത്യജീവിതം ദുസഹമാക്കിയ രണ്ട് സാധുകുടുംബങ്ങൾക്ക് ടി.കെ.എം എൻജി. കോളേജിന്റെ ബാക് ടു ഹോം പദ്ധതി സാന്ത്വനമാകുന്നു. ഈരംപ്രത്ത് പുഷ്പരാജവിലാസത്തിൽ കൂലിപ്പണിക്കാരനായ രാജ്കുമാറിന്റെ കുടുംബത്തിന് 9 ലക്ഷം രൂപയുടെ സഹായമാണ് 1997 ബാച്ച് വിദ്യാർത്ഥികൾ നൽകുന്നത്. അമ്മ ശാന്തയും, രോഗിയായ ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്നതാണ് ഈ കുടുംബം. അടുത്ത കാലവർഷത്തെ അതിജീവിക്കുമെന്ന് ഉറപ്പില്ലാത്ത വീട്ടിലാണ് ഇവരുടെ താമസം. പ്രളയം കൊണ്ടുവന്ന ചെളിയും ജൈവാവശിഷ്ടങ്ങളും ഇഴജന്തുക്കളും അടച്ചുറപ്പില്ലാത്ത ഈ വീടിനെ നരക തുല്യമാക്കിയിരിക്കുന്നു. 40 വർഷം മുൻപ് നിർമ്മിച്ച വീടിന്റെ ചുവരുകളിൽനിന്ന് സിമന്റ് പാളികൾ അടർന്നു മാറി.
വീടിനരികെയുള്ള തോട്ടിലെ ഉപ്പുവെള്ളവും ഉപ്പുകലർന്ന കാറ്റും ഭിത്തികളെയും ദുർബലമാക്കി. വിണ്ടുകീറിയ മുകൾഭിത്തികൾ മേൽക്കൂര താങ്ങാനാവാതെ നിൽക്കുന്നു. ഈ ദുരവസ്ഥയ്ക്കാണ് പരിഹാരമൊരുങ്ങുന്നത്. ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ മെച്ചപ്പെട്ട സ്ഥലത്ത് മൂന്ന് സെന്റ് വസ്തു വാങ്ങി ഇവർക്ക് വീട് വച്ച് നൽകാനാണ് പദ്ധതിയെന്ന് പ്രിൻസിപ്പൽ ഡോ. എസ്. അയൂബ് അറിയിച്ചു.
സമീപത്തുള്ള ആനന്ദഭവനത്തിൽ ഓട്ടോ ഡ്രൈവറായ സന്തോഷിന്റേതാണ് രണ്ടാമത്തെ കുടുംബം. ഭാര്യയും രണ്ടു പെൺമക്കളുമടങ്ങുന്ന ഈ കുടുംബവും ഇതേ അവസ്ഥയിൽ ഏതു നിമിഷവും നിലംപൊത്താവുന്ന വീട്ടിൽ കഴിയുകയാണ്. 2008 വർഷത്തെ മെക്കാനിക്കൽ പ്രൊഡക്ഷൻ എൻജിനിയറിംഗ് വിദ്യാർത്ഥികളാണ് ഇവർക്ക് വസ്തു വാങ്ങാൻ മൂന്ന് ലക്ഷം രൂപ നൽകുന്നത്. കോളേജിലെ ഇലക്ട്രിക്കൽ വിഭാഗത്തിൽനിന്ന് വിരമിച്ച പ്രൊഫ. എൻ. പദ്മനാഭഅയ്യരാണ് വീടുവയ്ക്കാനുള്ള 6 ലക്ഷം രൂപ നൽകുന്നത്. മൺറോതുരുത്തിൽ നിർമ്മാണം പൂർത്തിയായ ആദ്യ വീടിന്റെ ഗൃഹപ്രവേശം നവംബർ 9ന് മന്ത്റി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ സാന്നിദ്ധ്യത്തിൽ നടക്കും. ഈ ചടങ്ങിൽ രണ്ടു കുടുംബങ്ങൾക്കും വസ്തു വാങ്ങാനുള്ള തുക കൈമാറും.