smp-flat
എസ്.എം.പി കോളനിയിൽ നിർമ്മാണം പൂർത്തിയായ ഫ്ലാറ്റ്

01. പദ്ധതി തുക 23 കോടി

02. കേന്ദ്ര വിഹിതം: 15 കോടി

03. ലക്ഷ്യം: 290 കുടുംബങ്ങൾക്ക് ഭവനം

04. പൂർത്തിയായത് :12 ഫ്ലാറ്റുകൾ

05. ആരംഭിച്ചിട്ട്: 7 വർഷം

06. 42 കുടുംബങ്ങൾക്കുള്ള പാതിവഴിയിൽ

പൂർത്തിയായ ഫ്ലാറ്റുകളുടെ കൈമാറ്റം വൈകുന്നു

വീടുകളുടെ അറ്റകുറ്റപ്പണിയും അനിശ്ചിതത്വത്തിൽ

കൊല്ലം: നഗരസഭയുടെ മെല്ലെപ്പോക്ക് കാരണം രാജീവ് ആവാസ് യോജന (റേ)പ ദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള എസ്.എം.പി കോളനി നവീകരണം ഇഴയുന്നു. കോളനിയിലെ 290 കുടുംബങ്ങളുടെ സമ്പൂർണമായ പുനരധിവാസമായിരുന്നു പദ്ധതിയുടെ ലക്ഷ്യം. പദ്ധതി പ്രവർത്തനം ആരംഭിച്ച് ഏഴ് വർഷം പിന്നിടുമ്പോൾ ആദ്യഘട്ടത്തിൽ പൂർത്തിയായ ഫ്ലാറ്റുകളുടെ കൈമാറൽ പോലും നീളുകയാണ്.

162 കുടുംബങ്ങൾക്ക് ഫ്ലാറ്റുകളും പുതിയ വീടുകളും ശേഷിക്കുന്നവരുടെ വീടുകൾ അറ്റകുറ്റപ്പണിയുമാണ് നഗരസഭ വാഗ്ദാനം നൽകിയിരുന്നത്. ഇതിൽ 60 കുടുംബങ്ങൾക്കുള്ള 12 ഫ്ലാറ്റുകളുടെ നിർമ്മാണം മാത്രമാണ് പൂർത്തിയായത്. 42 കുടുംബങ്ങൾക്കുള്ള ഏഴ് നില ഫ്ലാറ്റ് പകുതി പോലുമായില്ല. 60 കുടുംബങ്ങൾക്കുള്ള ഫ്ലാറ്റുകളുടെയും പുതിയ വീടുകളുടെയും മറ്റുള്ളവരുടെ വീടുകളുടെ അറ്റകുറ്റപ്പണിയും എന്നാരംഭിക്കുമെന്ന് പോലും പറയാനാകാത്ത അവസ്ഥയാണ്.
2011 ആഗസ്റ്റ് 1നാണ് റേ പദ്ധതിയുടെ പൈലറ്റ് പ്രോജക്ടായി എസ്.എം.പി കോളനിയെ തിരഞ്ഞെടുത്തത്. മൂന്ന് വർഷത്തിന് ശേഷം 2014 ആഗസ്റ്റിലാണ് പലതവണ പരിഷ്കരിച്ച പ്ലാനും എസ്റ്റിമേറ്റും അടങ്ങുന്ന പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ചത്. 2014 സെപ്തംബറിൽ ടെണ്ടർ നടപടി ആരംഭിച്ചെങ്കിലും കരാർ ഉറപ്പിക്കൽ നീണ്ടു. ഇഴഞ്ഞിഴഞ്ഞ് 2016 ജൂണിലാണ് ആദ്യഘട്ട നിർമ്മാണം തുടങ്ങിയത്. 23 കോടിയാണ് പദ്ധതി തുക. ഇതിൽകേന്ദ്ര വിഹിതമായ 15 കോടി രൂപ ഏഴ് വർഷം മുൻപ് തന്നെ നോഡൽ ഏജൻസിയായ കുടുംബശ്രീക്ക് കൈമാറിയിരുന്നു.

 കരാറുകാരന് രണ്ട് കോടി കുടിശിക

നിർമ്മാണം പൂർത്തിയായതിന്റെ ബില്ലുകൾ കൃത്യസമയത്ത് മാറി നൽകുന്നതിലും നഗരസഭ വീഴ്ച വരുത്തുകയാണ്. കരാറുകാരന് നിലവിൽ രണ്ട് കോടി രൂപ കുടിശികയുണ്ട്.

 ഓടയുമില്ല, കുടിവെള്ളവുമില്ല

പുതിയ ഫ്ലാറ്റുകൾക്കും വീടുകൾക്കും പുറമെ ശുദ്ധമായ കുടിവെള്ളം, നല്ല ഇടവഴികൾ, തെരുവ് വിളക്കുകൾ ഡ്രെയിനേജ് സൗകര്യം എന്നിവയും പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ നിർമ്മാണം പൂർത്തിയായ ഫ്ലാറ്റുകളുടെ ഉടമസ്ഥർ സ്വന്തം ചെലവിൽ കുടിവെള്ള കണക്ഷൻ എടുക്കേണ്ട അവസ്ഥയാണ്. ഫ്ലാറ്റുകളുടെ നാലാം നിലയിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം ലഭിക്കുമോയെന്ന ആശങ്കയുമുണ്ട്. ഓട നിർമ്മാണത്തെക്കുറിച്ച് നഗരസഭ ചിന്തിച്ചിട്ട് പോലുമില്ല.

ആദ്യഘട്ടം നിർമ്മാണം പൂർത്തിയായ ഫ്ലാറ്റുകൾ ഈമാസം പകുതിയോടെ കൈമാറും. നിർമ്മാണം പൂർത്തിയായെങ്കിലും ഗുണഭോക്തൃ വിഹിതം സംബന്ധിച്ച അനിശ്ചിതത്വമാണ് കൈമറൽ വൈകാൻ കാരണം"

റീന സെബാസ്റ്റ്യൻ, നഗരസഭാ കൗൺസിലർ