photo
കരിക്കോട് എം.ഇ.എ ജംഗ്ഷനിലെ കേടായ മരം

കൊല്ലം: കരിക്കോട് എം.ഇ.എ ജംഗ്ഷനിലെ കേടുവന്ന മരം അപകട ഭീഷണി ഉയർത്തുന്നു. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ പെട്രോൾ പമ്പിന് മുന്നിലാണ് വലിയ മാവ് മരം നിലകൊള്ളുന്നത്. ഇതിന്റെ അടിഭാഗത്ത് വലിയ പോട് വന്നതോടെയാണ് യാത്രക്കാർ ഭീതിയിലായത്. പോട് വലുതായി വന്നതോടെ ഇഷ്ടികയും കല്ലും ഇതിനുള്ളിലേക്ക് ഇട്ട് നിറയ്ക്കാനും ചിലർ ശ്രമം നടത്തി. ഇത് മരത്തിന്റെ നിലനിൽപ്പിന് ദോഷമുണ്ടാക്കും.

വലിയ കാറ്റും മഴയുമുള്ളപ്പോൾ യാത്രക്കാരുടെ ഭീതി ഇരട്ടിക്കാറുണ്ട്. തിരക്കേറിയ റോഡരികിൽ നിൽക്കുന്ന മരത്തിന്റെ പ്രധാന തടിയുടെ നല്ലൊരു ഭാഗവും നശിച്ച് അടർന്നുപോയിരിക്കയാണ്. ആശ്രാമത്തെ ആൽമരത്തിന് കായകല്പ ചികിത്സ നടത്തിയപോലെ ഈ മരത്തിനും ചികിത്സ നടത്തി പോട് നികത്താനും തൊലി വന്നുചേരാനും സൗകര്യമൊരുക്കുകയോ നിവൃത്തിയില്ലെങ്കിൽ മുറിച്ചുമാറ്റുകയോ വേണം. ഇക്കാര്യത്തിൽ അധികൃതർ ഉണർന്ന് പ്രവർത്തിക്കണമെന്നാണ് നാട്ടുകാരുടെ അപേക്ഷ.