പുനലൂർ: പുനലൂരിൽ നിന്നാരംഭിച്ച് കൊല്ലായിൽ സമാപിക്കുന്ന മലയോര ഹൈവേയുടെ നിർമ്മാണോദ്ഘാടനം 16ന് വൈകിട്ട് 3ന് മന്ത്രി ജി. സുധാരൻ പുനലൂരിൽ നിർവഹിക്കുമെന്ന് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി കെ. രാജു അറിയിച്ചു.
ഉദ്ഘാടന സമ്മേളനത്തിന്റെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിക്കാൻ പുനലൂരിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കിഫ്ബിയിൽ നിന്ന് അനുവദിച്ച 201.67കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം ആരംഭിക്കുന്നത്. ഇതിൻെറ ടെൻഡർ നടപടികൾ ജൂണിൽ പൂർത്തിയാക്കിയിരുന്നു. പത്ത് മീറ്റർ വീതിയിൽ 46.5കിലോമീറ്റർ ദൂരത്തിൽ ഡി.ബി.എം.ആൻഡ്.ബി.സി നിരവാരത്തിലാണ് നിർമ്മാണം നടത്തുക.
പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപത്ത് നിന്നാരംഭിച്ച് അഞ്ചൽ, അഗസ്ത്യക്കോട്, ആലഞ്ചേരി, കുളത്തൂപ്പുഴ, മടത്തറ വഴി കൊല്ലായിലെ ചല്ലിമുക്കിൽ സമാപിക്കുന്നതാണ് മലയോര ഹൈവേ. ഏഴ് പുതിയ കലുങ്കകൾ നിർമ്മിക്കുകയും നിലവിലുള്ള കലുങ്കുകൾ നവീകരിക്കുകയും ചെയ്യും. പാതയോരങ്ങൾ ഇന്റർ ലോക്ക് ടൈൽ പാകി മനോഹരമാക്കും. പാത കടന്ന് പോകുന്ന 90 പ്രധാന ബസ് സ്റ്റോപ്പുകളിൽ കാത്തിരിപ്പ് കേന്ദ്രങ്ങളും പണിയും. രണ്ട് വർഷത്തിനുളളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു.
നഗരസഭ ചെയർമാൻ എം.എ. രാജഗോപാൽ, പുനലൂർ ആർ.ഡി.ഒ ബി.ശശികുമാർ, സി.പി.എം ഏരിയ സെക്രട്ടറി എസ്. ബിജു, സി. അജയപ്രസാദ്, നെൽസൺ സെബാസ്റ്റ്യൻ, കെ. ധർമ്മരാജൻ, എസ്. രാജേന്ദ്രൻനായർ തുടങ്ങിയവർ സംബന്ധിച്ചു.
മലയോര ഹൈവേ
പുനലൂർ ട്രാൻ. ഡിപ്പോയ്ക്ക് സമീപത്ത് നിന്നാരംഭിച്ച് അഞ്ചൽ, അഗസ്ത്യക്കോട്, ആലഞ്ചേരി, കുളത്തൂപ്പുഴ, മടത്തറ വഴി കൊല്ലായിലെ ചല്ലിമുക്കിൽ എത്തും.
നിർമ്മാണ ചെലവ്: 201.67കോടി രൂപ
ദൈർഘ്യം: 46.5 കി.മീറ്റർ
വീതി: 10 മീറ്റർ
നിർമ്മിക്കുന്ന കാത്തിരിപ്പ് കേന്ദ്രങ്ങൾ: 90
പുതിയ കലുങ്കുകൾ: 7
നിർമ്മാണ കാലാവധി: 2 വർഷം