ചാത്തന്നൂർ: പ്രഥമാദ്ധ്യാപിക വിദ്യാർത്ഥികളുടെ മുന്നിൽ വച്ച് അദ്ധ്യാപികയോട് മോശമായി പെരുമാറിയെന്നാരോപിച്ച് ഉളിയനാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ക ഴിഞ്ഞ ദിവസം ക്ലാസെടുത്ത് കൊണ്ട് നിന്ന അദ്ധ്യാപികയോട് പ്രഥമാദ്ധ്യാപിക കുട്ടികൾക്ക് മുന്നിൽ വച്ച് മോശമായി പെരുമാറുകയും തുടർന്ന് അദ്ധ്യാപിക ക്ലാസ്സിൽ കുഴഞ്ഞ് വീഴുകയും ചെയ്തെന്നാണ് പരാതി.
ഇതുമായി ബന്ധപ്പെട്ട് ഇന്ന് കുട്ടികൾ ക്ലാസുകൾ ബഹിഷ്കരിച്ച് സമരം ആരംഭിച്ചു. ഇതിനിടെ സ്കൂൾ ജീവനക്കാരി ഒരു വിദ്യാർത്ഥിയെ ഇഷ്ടിക ഉപയോഗിച്ച് എറിഞ്ഞതായും പറയുന്നു. തുടർന്ന് കുട്ടികളോടൊപ്പം നാട്ടുകാരും രക്ഷാകർത്താക്കളും ചേർന്നതോടെ സംഘർഷം ഉടലെടുത്തു. ചാത്തന്നൂർ എസ്.ഐ സരിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി സമരക്കാരെയും മറ്റുള്ളവരെയും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രഥമാദ്ധ്യാപികക്കെതിരെ നടപടി സ്വീകരിക്കാതെ പിന്തിരിയില്ലെന്ന നിലപാടിലായിരുന്നു ഇവർ.
തുടർന്ന് ചാത്തന്നൂർ അസി.പൊലീസ് കമ്മിഷണർ ജവഹർ ജനാർദ്ദ് സ്ഥലത്തെത്തി സമരക്കാരോട് സംസാരിക്കുകയും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി ചർച്ച നടത്തുകയും ചെയ്തു. ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തി പത്ത് ദിവസത്തിനകം നടപടി ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ ഉറപ്പു നല്കി. ഇതേ തുടർന്ന് വൈകിട്ട് ആറരയോടെ വിദ്യാർത്ഥികളും രക്ഷാകർത്താക്കളും പിരിഞ്ഞു പോകുകയായിരുന്നു.