പത്തനാപുരം: അമ്പലത്തിലായാലും പള്ളിയിലായാലും ഭാര്യയ്ക്കും മകൾക്കും തന്നോടൊപ്പം വരാൻ കഴിയണമെന്ന് പുരുഷൻമാർ ചിന്തിക്കണമെന്ന്
മന്ത്രി ഡോ.കെ.ടി.ജലീൽ പറഞ്ഞു.
കെ.പി.എം.എസിന്റെ നേതൃത്വത്തിൽ വില്ലുവണ്ടി സമരത്തിന്റെ 125-ാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്മൃതിപഥം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആചാരങ്ങളെയും വിശ്വാസങ്ങളും ലംഘിച്ചാൽ മാത്രമേ മുന്നോട്ട് പോകാൻ കഴിയൂ.
എല്ലാം നിലനിൽക്കുന്നത് മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിലാണ്. എന്തിനാണ് സ്ത്രീയോട് അവഗണന കാട്ടുന്നത്. എല്ലാ നവോത്ഥാനത്തിന്റെയും ഗുണഭോക്താക്കൾ സ്ത്രീകളാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ സംഘാടക സമിതി രക്ഷാധികാരി പുന്നല ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. നാടിന്റെ നവോത്ഥാനം സാദ്ധ്യമാകുന്നത് ആചാരലംഘനത്തിലൂടെയാണെന്ന്. അദ്ദേഹം പറഞ്ഞു.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. സജീഷ്, എച്ച് നജീബ് മുഹമ്മദ്, എം. ഷേക്ക് പരീത്, ഡോ. ബി. മൃദുല നായർ, ആർ. പ്രമോദ് കുമാർ, കെ.ആർ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. പരിപാടികളുടെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്രയും നടന്നു.