sakthikulangara-harbor
ശക്തികുളങ്ങര ഹാർബർ

 5 കോടിയുടെ പദ്ധതി

 ജനുവരിയിൽ നിർമ്മാണം തുടങ്ങും

കൊല്ലം: മത്സ്യബന്ധന മേഖലയുടെ അന്തർദ്ദേശീയ തലത്തിലുള്ള ചരിത്രവും നൂറ്റാണ്ടുകൾ പഴക്കമുള്ള ഉപകരണങ്ങളും പ്രദർശിപ്പിക്കുന്ന അന്തർദ്ദേശീയ ഫിഷറീസ് മ്യൂസിയം ശക്തികുളങ്ങര ഹാർബറിൽ വൈകാതെ യാഥാർത്ഥ്യമാകും. ഹാർബർ എൻജിനിയറിംഗ് വകുപ്പാണ് മ്യൂസിയത്തിന്റെ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നത്. ദേശീയതലത്തിലുള്ള ഏജൻസിയാകും പ്രദർശന വസ്തുക്കൾ സജ്ജമാക്കുക.
ഹാർബറിനോട് ചേർന്ന് ദേശീയപാതയോരത്ത് നിർമ്മിക്കുന്ന പുതിയ മൂന്ന് നില കെട്ടിടത്തിന്റെ ഏറ്റവും താഴത്തെ നിലയിലാകും മ്യൂസിയം. ദേശീയപാതയ്ക്ക് സമാന്തരമായി വരുന്ന രണ്ടാംനിലയിൽ റെഡി ടു കുക്ക് ഫിഷ് ഔട്ട്ലെറ്റുകൾ തുടങ്ങും. മത്സ്യഫെഡിനായിരിക്കും ഔട്ട്ലെറ്റുകളുടെ നടത്തിപ്പ് ചുമതല. മൂന്നാംനില ഷോപ്പിംഗ് കോംപ്ലക്‌സായി പ്രവർത്തിക്കും. 7000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിന് ഏകദേശം 5 കോടി രൂപയാണ് നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്.

 ഹാർബറിലേക്ക് നേരിട്ട് റോഡ്
ദേശീയപാതയുടെ ഓരത്താണെങ്കിലും ഹാർബറിലേക്ക് നേരിട്ട് റോഡില്ല. ഒന്നര കിലോ മീറ്ററിലേറെ ചുറ്രി വേണം ഹാർബറിലെത്താൻ. ഹാർബറിലേക്ക് നേരിട്ട് റോഡെന്ന കാലങ്ങളായുള്ള ആവശ്യവും വൈകാതെ യാഥാർത്ഥ്യമാകും. 150 മീറ്റർ നീളത്തിൽ രണ്ടു വരി പാതയാണ് നിർമ്മിക്കുന്നത്. റോഡ് നിർമ്മിക്കാൻ സ്ഥലം വിട്ടുനൽകാൻ സ്ഥലമുടമകൾ സമ്മതം അറിയിച്ചിട്ടുണ്ട്. ഡിസംബർ പകുതിയോടെ ഏറ്റെടുക്കൽ ആരംഭിക്കും. ജനുവരിയിൽ നിർമ്മാണം ആരംഭിക്കും. ഹാർബറിലെ വാർഫിന്റെ നീളവും 85 മീറ്റർ വർദ്ധിപ്പിക്കും. കൂടുതൽ ബോട്ടുകൾ ഒരേ സമയം അടുപ്പിക്കാനാണ് വാർഫിന്റെ നീളം കൂട്ടുന്നത്.

'മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയുടെ നിരന്തര പരിശ്രമത്തിലൂടെയാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. പദ്ധതിക്ക് വേണ്ടിയുള്ള സ്ഥലമെറ്രടുപ്പ് കഴിഞ്ഞ 25 വർഷമായി തർക്കത്തിൽപ്പെട്ട് കിടക്കുകയായിരുന്നു. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളിലൂടെ മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും ബോട്ടുടമകളും ഇപ്പോൾ ഒറ്റക്കെട്ടായിരിക്കുകയാണ്".

ലോട്ടസ് (എക്സി. എൻജിനിയർ, ഹാർബർ എൻജിനിറിംഗ്)