കരുനാഗപ്പള്ളി:കല്ലുംമൂട്ടിൽക്കടവ് പാലത്തിന്റെ കോൺക്രീറ്റ് ഇളകി അപകടഭീഷണി. സുനാമി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ഒരു ദശാബ്ദത്തിന് മുമ്പ് നിർമ്മിച്ച പാലമാണിത്. മുകൾവശത്തുള്ള കോൺക്രീറ്റാണ് പാളിയായി ഇളകിമാറുന്നത്. സുനാമി ദുരന്തത്തിന് ശേഷമാണ് ആലപ്പാട് ഗ്രാമപഞ്ചായത്തിലെ ചെറിയഴീക്കൽ തുറയേയും കരുനാഗപ്പള്ളി നഗരസഭയിലെ കല്ലുമൂട്ടിനേയും ബന്ധിപ്പിച്ച് ടി.എസ് കനാലിന് കുറുകെ പാലം നിർമ്മിച്ചത്. ഇനിയൊരു സുനാമി ദുരന്തമുണ്ടായാൽ ജനങ്ങൾക്ക് പെട്ടന്ന് സുരക്ഷിത സ്ഥനങ്ങളിലേക്ക് മാറാൻ വേണ്ടിയായിരുന്നു ഇത്. പാലത്തിനും അപ്രോച്ച് റോഡിനും കോടികൾ ചെലവായി. പാലം യാഥാർത്ഥ്യമായതോടെ നാട്ടുകാരുടെ യാത്രാ ക്ലേശത്തിനും പരിഹാരമായി . കരുനാഗപ്പള്ളി, കായംകുളം ഡിപ്പോകളിൽ നിന്ന് നിരവധി കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളാണ് ഇതുവഴി സർവീസ് നടത്തുന്നത്. അമൃതപുരിയിലേക്കും കായംകുളം മത്സ്യബന്ധന തുറമുഖത്തേക്കും വാഹനങ്ങൾ പോകുന്നത് കല്ലുംമൂട്ടിൽ കടവ് പാലം വഴിയാണ്. ഒരു വർഷം മുമ്പും പാലത്തിന്റെ മേൽഭാഗത്തുള്ള കോൺക്രീറ്റ് ഇളകിപ്പോയിരുന്നു. ഇതേക്കുറിച്ച് അന്ന് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തണമെന്ന് താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് , കോൺക്രീറ്റ് പൊളിഞ്ഞുപോയ ഭാഗങ്ങളിൽ പൊതുമരാമത്ത് വകുപ്പ് ടാറിംഗ് നടത്തിയിരുന്നു. ടാറിംഗ് നടത്താത്ത ഭാഗത്തെ കോൺക്രീറ്റാണ് ഇപ്പോൾ ഇളകിത്തുടങ്ങിയത്. പാലത്തിന്റെ പലഭാഗത്തും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. രാത്രിയിൽ പാലം വഴി പോകുന്ന ഇരുചക്ര വാഹനങ്ങൾ കുഴികളിൽ പെട്ട് അപകടം സംഭവിക്കുന്നത് പതിവാണ്. വാഹനങ്ങൾ കയറിയിറങ്ങുന്നതിനാൽ ഓരോ ദിവസം കഴിയുമ്പോഴും കുഴികളുടെ ആഴം വർദ്ധിക്കുകയാണ്. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
--------
' സുനാമിപ്പാലം '
സുനാമി ദുരന്തത്തിന് ശേഷമാണ് ആലപ്പാട് ഗ്രാമപഞ്ചായത്തിലെ ചെറിയഴീക്കൽ തുറയേയും കരുനാഗപ്പള്ളി നഗരസഭയിലെ കല്ലുമൂട്ടിനേയും ബന്ധിപ്പിച്ച് ടി.എസ് കനാലിന് കുറുകെ പാല നിർമ്മിക്കാൻ തീരുമാനിച്ചത്.
ഇനിയൊരു ദുരന്തമുണ്ടായാൽ ജനങ്ങൾക്ക് പെട്ടന്ന് സുരക്ഷിത സ്ഥനങ്ങളിലേക്ക് മാറാൻ പാലം പ്രയോജനപ്പെടുമെന്നായിരുന്നു കണ്ടെത്തിയത്.