കുളത്തൂപ്പുഴ: കുളത്തുപ്പുഴ സർക്കാർ ആശുപത്രിയിൽ കിടത്തിച്ചികിത്സ തുടങ്ങുമെന്ന ആധികൃതരുടെ വാഗ്ദാനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പക്ഷേ ഇതിനുള്ള പ്രാഥമിക നടപടികൾ പോലും ബന്ധപ്പെട്ടവർ സ്വീകരിച്ചിട്ടില്ല.
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തും ആശുപത്രിയുടെ ചുമതലയുളള അഞ്ചൽ ബ്ലോക്ക് പഞ്ചായത്തും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. സാമൂഹികാരോഗ്യ കേന്ദ്രമായി ഉയർത്തിയെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല.
ലക്ഷങ്ങൾ മുടക്കി കെട്ടിടങ്ങൾ നിർമ്മിച്ചതു മാത്രമാണ് ഇതുവരെ ചെയ്തത്. ആറ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും 11 ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സുമാരും ഒരു ഹെൽത്ത് ഇൻസ്പെക്ടറും ഒരു മെഡിക്കൽ ഒാഫീസറുമാണ് ആകെ ഇവിടുളളത്. ഡോക്ടറുടെ സേവനം ഒഴിച്ചാൽ മറ്റുള്ളവർ രോഗികളെ ശ്രദ്ധക്കാറേ ഇല്ല. ഇവരെല്ലാം മുഴുവൻ സമയവും സബ്സെന്റർ പ്രവർത്തനത്തിന്റെ പേരിൽ ഫീൽഡിലായിരിക്കും . ഹെൽത്ത് ഇൻസ്പെക്ടർ വല്ലപ്പോഴുമേ വരാറുള്ളെന്ന് നാട്ടുകാർ പറഞ്ഞു. താത്കാലിക ജീവനക്കാരാണ് ആശുപത്രിയിലെ ജോലികൾ ചെയ്യുന്നത്. ആദിവാസികളും മറ്റ് പിന്നാക്ക വിഭാഗക്കാരും തിങ്ങിപ്പാർക്കുന്ന കിഴക്കൻ മലയോര മേഖലയിലെ ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്തണമെന്നാണ് ആവശ്യം.