temple
പൊന്മന കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിൽ ഇന്നലെ അനുഭവപ്പെട്ട് തിരക്ക്

പൊന്മന: വൃശ്ചികോത്സവം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ കാട്ടിൽമേക്കതിൽ ക്ഷേത്രത്തിൽ തിരക്കേറി. ഇന്നലെ ദീപാവലി അവധിയായതിനാൽ പതിനായിരങ്ങളാണ് ക്ഷേത്രത്തിൽ എത്തിയത്. കടലിനും കായലിനും മദ്ധ്യേ സ്ഥിതിചെയ്യുന്ന ആപൂർവം ക്ഷേത്രങ്ങളിലൊന്നാണിത്. വൃശ്ചികം ഒന്നു മുതൽ പന്ത്രണ്ടുവരെ ക്ഷേത്രത്തിൽ വ്രതാനുഷ്ടാനത്തോടെ വിവിധ ജില്ലകളിൽ നിന്നായി എത്തുന്നഭക്തർ വലുപ്പചെറുപ്പമില്ലാതെ ഇവിടെ ദേവീ മന്ത്രങ്ങൾ ഒരുവിട്ടുകൊണ്ട് പന്ത്രണ്ടുദിവസങ്ങൾ താമസിക്കും. ക്ഷേത്രമൈതാനത്ത് മുടിപ്പുരയ്ക്ക് മുന്നിലായി തയ്യാറാക്കിയ പന്തലിൽ നിത്യപൊങ്കാലയർപ്പിക്കാൻ പ്രത്യേക സൗകര്യമുണ്ട്.
അഭീഷ്ടസിദ്ധിക്കായി ക്ഷേത്രത്തിലെ പേരാലിനു വലംവച്ച് മണികെട്ടുന്നത് ഇവിടുത്തെ പ്രധാന വഴിപാടാണ്. ക്ഷേത്രമൈതാനത്ത് വ്യാപാരമേളയും ഉത്സവത്തിന്റെ പ്രത്യേകതയാണ്.
പന്ത്രണ്ടുദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തോടനുബന്ധിച്ചു ആരോഗ്യ വകുപ്പ് പ്രവർത്തകർ, പൊലീസ്, അഗ്നിരക്ഷാസേന, ക്ഷേത്രത്തിലെ സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സേവനവും ക്ഷേത്രഭരണസമിതി ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രയോഗം പ്രസിഡന്റ് പി. രാജേന്ദനും സെക്രട്ടറി എ. പ്രസന്ന കുമാറും അറിയിച്ചു.