malayalam-week
ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് കളക്ടറേറ്റിൽ സംഘടിപ്പിച്ച പഴഞ്ചൊല്ലെഴുത്ത് പരിപാടി - പഴമൊഴി മലയാളം - ജില്ലാ കളക്ടർ ഡോ. എസ്. കാർത്തികേയൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പഴഞ്ചൊല്ലിൽ പതിരില്ല എന്നെഴുതി തുടക്കമിട്ടത് ജില്ലാ കളക്ടർ ഡോ. എസ്. കാർത്തികേയനായിരുന്നു. പിന്നാലെ സബ് കളക്ടർ ഡോ. എസ്. ചിത്ര കുറിച്ചു-ചൊട്ടയിലെ ശീലം ചുടലവരെ. മറ്റു വിശിഷ്ടാതിഥികളും ജീവനക്കാരും സന്ദർശകരുമെല്ലാം മത്സരിച്ചെഴുതിയപ്പോൾ കളക്‌ടറേറ്റിന് മുന്നിലൊരുക്കിയ കാൻവാസ് പഴഞ്ചൊല്ലുകളുടെ കലവറയായി.
ജില്ലാ ഭരണകൂടവും ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായി നടത്തുന്ന ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ചാണ് 'പഴമൊഴി മലയാളം" എന്ന പേരിൽ പഴഞ്ചൊല്ലെഴുത്ത് സംഘടിപ്പിച്ചത്.
'ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട", 'വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും", 'ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം", 'കണ്ടാലറിയാത്തവൻ കൊണ്ടാലറിയും" തുടങ്ങിയ പതിവു പഴഞ്ചൊല്ലുകൾക്കിടയിൽ 'തേങ്ങ പത്തരച്ചാലും താളല്ലേ കറി" എന്ന ചോദ്യവും 'ഇന്നു ഞാൻ നാളെ നീ" എന്ന മുന്നറിയിപ്പുമൊക്കെ ഇടംപിടിച്ചു. ഗൂഗിളിന്റെ സഹായത്തോടെ പഴഞ്ചൊല്ലുകൾ കണ്ടുപിടിച്ച് എഴുതിയവരുമുണ്ടായിരുന്നു.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി. അജോയ്, കൊട്ടരക്കരയിലെ കില എസ്.ഐ.ആർ.ഡി പ്രിൻസിപ്പൽ ജി. കൃഷ്ണകുമാർ കളക്‌ടറേറ്റ് സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ജി. രാജു, ജൂണിയർ സൂപ്രണ്ടുമാരായ എം. അൻസർ, എ. ജോൺസൺ, ആർ. ബാബുരാജ്, എ. ബർണഡിൻ തുടങ്ങിയവർ പങ്കെടുത്തു.