sports-ayurveda-
കായിക മേളയിൽ മത്സരത്തിനിടെ പരിക്കേറ്റ കായിക താരത്തിന് സ്പോർട്സ് ആയൂർവേദ സെവന്ററിന്റെ നേതൃത്വത്തിൽ ഡോക്‌ടർമാർ ചികിത്സ നൽകുന്നു

കൊല്ലം: മത്സരങ്ങൾക്കിടെ കായിക താരങ്ങൾക്കുണ്ടാകുന്ന പരിക്കുകൾ ആയുർവേദ വിധി പ്രകാരം പരിഹരിക്കാൻ കഴിയുന്ന സ്പോർട്സ് ആയൂർവേദയുടെ പ്രവർത്തനം ജില്ലാ ആയുർവേദാശുപത്രിയിൽ ജനകീയമാകുന്നു. ആഴ്ചയിൽ എല്ലാ ദിവസവും സ്പോർട്സ് ആയുർവേദ സെന്റർ ആശ്രാമത്തെ ജില്ലാ ആശുപത്രിയിൽ സജ്ജമാണ്.
2012 മുതൽ ജില്ലാ ആശുപത്രിയിൽ സ്പോർട്സ് ആയുർവേദ വിഭാഗം സജ്ജമാണെങ്കിലും കായിക താരങ്ങൾ കൂടുതലായി ആശ്രയിക്കാൻ തുടങ്ങിയത് അടുത്തിടെയാണ്. അന്താരാഷ്‌ട്ര യോഗ ചാമ്പ്യൻഷിപ്പിൽ രാജ്യത്തിനായി സ്വർണ്ണം നേടിയ കൊല്ലം തട്ടാമല സ്വദേശി ആദിത്യ ബിജു സ്പോർട്സ് ആയുർവേദയിൽ അടുത്തിടെ ചികിത്സ തേടിയിരുന്നു. ആശുപത്രിക്ക് പുറമെ ജില്ലാ കായികമേളയിലും ഉപജില്ലാ കായിക മേളകളിലും മറ്റ് അവശ്യ ഘട്ടങ്ങളിലും അടിയന്തര വൈദ്യ സഹായം സ്പോർട്സ് ആയുർവേദ യൂണിറ്റ് നൽകുന്നുണ്ട്. നിലവിൽ ജില്ലാ ആയുർവേദ ആശുപത്രിയും കൊല്ലം സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയും (സായി) കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ 9 മുതൽ ഉച്ചയ്‌ക്ക് 2 വരെ ജില്ലാ ആയുർവേദ ആശുപത്രിയിലും വൈകിട്ട് മൂന്ന് മുതൽ 6 വരെ കൊല്ലം സായിയിലുമാണ് ഒ.പിയുടെ പ്രവർത്തനം.

 സ്പോർട്സ് ആയുർവേദ

കായിക താരങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളെ ഫലപ്രദമായി നേരിടാനും കായികക്ഷമതയും പ്രകടന നിലവാരവും ഉയർത്താനുള്ള ഭാരതീയ ചികിത്സാ വകുപ്പിന്റെ പദ്ധതിയാണ് സ്പോർട്സ് ആയുർവേദ. കായിക മത്സരങ്ങൾക്കും പരിശീലനത്തിനും ഇടയിലുണ്ടാകുന്ന എല്ലാ പരിക്കുകൾക്കുമുള്ള ചികിത്സ ഇവിടെ ലഭ്യമാണ്. പഞ്ചകർമ്മ കിടത്തി ചികിത്സയും മരുന്നുകളും സൗജന്യമായി ലഭിക്കും. ജില്ലാ കോർ‌ ഓർഡിനേറ്റർ ഡോ. സനൽകുമാറിന്റെ നേതൃത്വത്തിൽ ഡോ. വിഷ്‌ണു ബി. ചന്ദ്രൻ, ഡോ. വി. അഖില എന്നിവരാണ് സ്പോർട്സ് ആയുർവേദയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ബി. വിപിൻകുമാർ, ആർ. തുഷാര എന്നിവരാണ് പ്രത്യേക പരിശീലനം നേടിയ തെറാപ്പിസ്റ്റുകൾ.

...........

കായിക താരങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ആയുർവേദ ആശുപത്രിയിൽ സ്പോർട്സ് ആയുർവേദ സെന്റർ പ്രവർത്തിക്കുന്നത്. അടുത്തിടെ കൂടുതൽ കായിക താരങ്ങൾ ഇവിടെ ചികിത്സതേടി എത്തുന്നുണ്ട്.

ഡോ.ആർ.സനൽകുമാർ

സീനിയർ മെഡിക്കൽ ഓഫീസർ,

സ്പോർട്സ് ആയുർവേദ ജില്ലാ കൺവീനർ