കൊല്ലം: ശ്രീനാരായണ ഗുരുദേവ ദർശനങ്ങളെ പ്രയോഗവത്കരിക്കാൻ ആർ. ശങ്കർ നേതൃത്വം നൽകിയെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ശ്രീനാരായണ മൂവ്മെന്റ് കേന്ദ്രസമിതി സംഘടിപ്പിച്ച 46-ാമത് ആർ. ശങ്കർ അനുസ്‌മരണ സമ്മേളനത്തിൽ ആർ.ശങ്കർ പ്രവാസി അവാർഡ്ദാനവും ആദരിക്കലും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അടിച്ചമർത്തപ്പെട്ടവന്റെ മുന്നേറ്റത്തിന്റെ പ്രത്യയശാസ്‌ത്രമായ വിദ്യാഭ്യാസമെന്ന ഗുരുദേവദർശനം അദ്ദേഹം നടപ്പാക്കി. എസ്.എൻ ട്രസ്റ്റ് രൂപീകരിച്ച് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. സാമൂഹികനീതി നിഷേധിക്കപ്പെട്ട വിഭാഗത്തിന് അത്തരം സ്ഥാപനങ്ങളിലൂടെ മുന്നേറ്റത്തിന്റെ അറിവ് നൽകി. അധികാര രാഷ്‌ട്രീയം പിടിമുറുക്കുന്ന വർത്തമാന കേരളത്തിന് പഠനവും മാതൃകയുമാണ് ആർ. ശങ്കറെന്നും എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു.
ആർ. ശങ്കർ അനുസ്‌മരണ സമ്മേളനം പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു. ആർ. ശങ്കർ പ്രവാസി അവാർഡ് കോയമ്പത്തൂർ ശ്രീനാരായണ മിഷൻ മുൻ പ്രസിഡന്റും യൂണിവേഴ്സൽ ശ്രീനാരായണഗുരു കോൺഫെഡറേഷൻ ട്രഷററുമായ അഡ്വ.ടി.എസ്.ഹരീഷ്‌കുമാറിന് എൻ.കെ.പ്രേമചന്ദ്രൻ എം.പി സമ്മാനിച്ചു. ഡോ. പുനലൂർ സോമരാജനെ ചടങ്ങിൽ എം.പി ആദരിച്ചു.
ശ്രീനാരായണ മൂവ്മെന്റ് കേന്ദ്രസമിതി പ്രസിഡന്റ് എസ്. സുവർണകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. കെ. ശശികുമാർ ആർ. ശങ്കർ അനുസ്‌മരണ പ്രസംഗവും എസ്.എൻ,.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ വിജ്‌ഞപ്‌തി പ്രസംഗവും അവാർഡ് ജേതാവ് അഡ്വ.ടി.എസ്.ഹരീഷ്‌കുമാർ മറുപടി പ്രസംഗവും നടത്തി. കേന്ദ്രസമിതി സെക്രട്ടറിമാരായ പ്രബോധ് എസ്. കണ്ടച്ചിറ, ക്ലാവറ സോമൻ എന്നിവർ പ്രസംഗിച്ചു.