കൊല്ലം: ശബരിമല പ്രശ്നത്തിൽ നേട്ടം കൊയ്യാനുള്ള ബി.ജെ.പിയുടെ രഹസ്യ അജണ്ട ജനങ്ങൾ വിശ്വാസത്തിലെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കൊല്ലൂർവിള സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ പി.എ. അസീസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആർ.എസ്.എസും ബി.ജെ.പിയും കലാപത്തിന് ശ്രമിക്കുകയാണ്. ഇതിന് വേണ്ടി പല തെറ്റായ വഴികളിലൂടെയും അവർ സഞ്ചരിക്കുന്നു. കാലുമാറ്റത്തിന്റെയും കൂറ് മാറ്റത്തിന്റെയും രാഷ്ട്രീയമാണ് ബി.ജെ.പി പയറ്റുന്നത്. അധികാരത്തിന് വേണ്ടി എന്ത് അധർമ്മം കാട്ടാനും മടിയില്ലാത്തവരായി അവർ മാറുന്നു. ശബരിമലയിൽ ആചാരങ്ങൾ നിലനിറുത്തണമെന്നാണ് ഭക്തരുടെ ആഗ്രഹമെങ്കിൽ അതിനാണ് വിലകൊടുക്കേണ്ടത്. ആചാരത്തിന് വേണ്ടിയുള്ള പോരാട്ടമല്ല, അവിശ്വാസികളും വിശ്വാസികളും തമ്മിലുള്ള പോരാട്ടമാണ് ശബരിമലയിൽ നടക്കുന്നത്. വിശ്വാസത്തെ ഒരു കോടതിക്കും ചോദ്യം ചെയ്യാനാകില്ല.
രാഷ്ട്രീയ നേതാവെന്നതിനപ്പുറം മികച്ച കായികതാരം കൂടിയായിരുന്നു പി.എ. അസീസ്. കളിക്കളത്തിലെ ചൂരും ചൂടും അദ്ദേഹത്തിന്റെ പൊതുപ്രവർത്തനത്തിലും ഉണ്ടായിരുന്നു. പൊതുപ്രവർത്തകർ മൺമറയുമ്പോൾ തന്നെ അവരെക്കുറിച്ചുള്ള ഓർമ്മകളും ഇപ്പോൾ നഷ്ടമാവുകയാണ്. യാത്രയായി 39 വർഷം കഴിഞ്ഞിട്ടും പി.എ. അസീസിന്റെ ഓർമ്മകൾ നിലനിൽക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ സവിശേഷതയാണ്. സ്ഥാനങ്ങൾ ജനങ്ങൾക്ക് പ്രയോജനകരമാകുന്ന തരത്തിൽ വിനിയോഗിക്കുന്നതിൽ പൊതുപ്രവർത്തകർ പി.എ. അസീസിനെ മാതൃകയാക്കണമെന്ന് ചെന്നിത്തല തുടർന്ന് പറഞ്ഞു.
പി.എ. അസീസ് സ്മാരക സമിതി പ്രസിഡന്റ് എ. ഷാനവാസ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ, എൻ. അഴകേശൻ, ജി. പ്രതാപവർമ്മ തമ്പാൻ, പ്രൊഫ. ഇ. മേരിദാസൻ, എസ്. വിപിനചന്ദ്രൻ, സൂരജ് രവി, എസ്. അഹമ്മദ് കോയ, പി.ആർ. പ്രതാപചന്ദ്രൻ, രാജ്മോഹൻ, പി.എ. അസീസ് സ്മാരക സമിതി സെക്രട്ടറി നാസർ അസീസ് തുടങ്ങിയവർ സംസാരിച്ചു.