district
ജില്ലാ ആശുപത്രിയിലെ സ്വീവേജ് ടാങ്ക്

കൊല്ലം: ജില്ലാ ആശുപത്രിക്കും വിക്ടോറിയയ്ക്കും വേണ്ടി നിർമ്മിക്കുന്ന സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമ്മാണം ആരംഭിക്കും മുൻപേ അഷ്ടമുടിക്കായലിന് ശാപമോക്ഷം. ജില്ലാ ആശുപത്രിയിൽ നിന്ന് ഒരുതരി മാലിന്യം പോലും ഇനി കായലിലേക്ക് ഒഴുക്കില്ല. ആശുപത്രിയിലെ കക്കൂസ് മാലിന്യം പൂർണമായും തിരുവനന്തപുരം കോർപ്പറേഷന്റെ മുട്ടത്തറയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിലെത്തിച്ച് സംസ്കരിക്കും.

തിരുവനന്തപുരം നഗരപരിധിയിലേതല്ലാത്ത മാലിന്യം മുട്ടത്തറ പ്ലാന്റിൽ സംസ്കരിക്കാറില്ല. ജില്ലാ കളക്ടർ എസ്. കാർത്തികേയന്റെ പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് ജില്ലാ ആശുപത്രിയിലെ മാലിന്യം സംസ്കരിക്കാൻ തിരുവനന്തപുരം നഗരസഭ അനുമതി നൽകിയത്. കഴിഞ്ഞദിവസം നാല് ലോഡ് മാലിന്യം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. രണ്ട് ദിവസത്തിനുള്ളിൽ നിലവിലുള്ള മാലിന്യം പൂർണമായും നീക്കം ചെയ്യും. ആറ് മാസത്തിന് ശേഷം വീണ്ടും നീക്കം ചെയ്യും. ഏഴായിരം രൂപയാണ് ഒരു ലോഡ് മാലിന്യം മുട്ടത്തറയിലെത്തിക്കാനുള്ള ചെലവ്. സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് പൂർത്തിയാകുന്നത് വരെ മാലിന്യം മുട്ടത്തറയിലെത്തിച്ച് സംസ്കരിക്കാനാണ് തീരുമാനം.
ഭൂർഗർഭ പൈപ്പ് വഴിയാണ് ജില്ലാ ആശുപത്രിയിലെ മാലിന്യം അഷ്ടമുടിക്കായലിലേക്ക് ഒഴുക്കിയിരുന്നത്. ഈ പൈപ്പിൽ തടസങ്ങൾ ഉണ്ടാകുമ്പോൾ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് കവിഞ്ഞ് അസഹ്യമായ ദുർഗന്ധം പരക്കുക പതിവായിരുന്നു. ആശുപത്രി മാലിന്യം തുടർച്ചയായി ഒഴുകിയെത്തുന്നത് അഷ്ടമുടി കായലിന്റെ ജൈവ ഘടനയിലും മാറ്റം വരുത്തിയിരുന്നു.

ആശുപത്രിയിലെ അടിസ്ഥാനപരമായ പ്രശ്നങ്ങളിലൊന്നാണ് മാലിന്യം. ഇത് പരിഹരിക്കാതെ എന്ത് മാറ്റം വന്നിട്ടും കാര്യമില്ല. ജില്ലാ കളക്ടറുടെ ഇടപെടലിന്റെ ഭാഗമായാണ് മാലിന്യം മുട്ടത്തറയിലെത്തിച്ച് സംസ്കരിക്കാനുള്ള അനുമതി ലഭിച്ചത്.

ഡോ.വസന്തദാസ്, ജില്ലാ ആശുപത്രി സൂപ്രണ്ട്