കുന്നത്തൂർ: ശാസ്താംകോട്ട - ഭരണിക്കാവ് റോഡ് നിർമ്മാണത്തിൽ അപാകതയെന്ന് വ്യാപക പരാതി. .ശാസ്താംകോട്ട മുതൽ ഭരണിക്കാവ് വരെയുള്ള മൂന്ന് കിലോമീറ്റർ റോഡ് മൂന്ന് കോടി രൂപ ചെലവിലാണ് ആധുനിക രീതിയിൽ നിർമ്മിക്കുന്നത്.നിർമ്മാണരീതി സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് നൽകിയ നിർദ്ദേശങ്ങൾ ലംഘിച്ചാണ് പണി നടക്കുന്നതത്രേ.കരാർ നൽകുമ്പോൾ ഇതു സംബന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങൾ അധികൃതർ പറഞ്ഞിരുന്നു. റോഡ് പൂർണമായും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കംചെയ്ത ശേഷം റോളർ ഉപയോഗിച്ച് നിരപ്പാക്കാണം.പിന്നീട് വലിയ മെറ്റൽ,സിമന്റ്,എം.സാന്റ് എന്നിവയുമായി കുഴച്ച് പൊക്കത്തിൽ റോഡിൽ പാകിയ ശേഷം വീണ്ടും റോളർ ഉപയോഗിച്ച് നിരപ്പാക്കണം.ശേഷം മുക്കാൽ ഇഞ്ച് മെറ്റൽ കുഴച്ച് പാകിയ ശേഷം റോഡ് ടാർചെയ്യണം. ഇതായിരുന്നു നിർദ്ദേശം. റെഡിമിക്സ് സംവിധാനം ടാറിംഗിന് മുമ്പ് ഉപയോഗിക്കാമെന്നും വ്യവസ്ഥ ചെയ്തിരുന്നു.എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായ രീതിയിലാണ് നിർമ്മാണം നടക്കുന്നത്.ജെ.സി.ബി ഉപയോഗിച്ച് റോഡ് പൊളിച്ച ശേഷം വലിയ മെറ്റൽ പാകി റോളർ കൊണ്ട് നിരപ്പാക്കുകയാണ്.ശേഷം മുക്കാൽ ഇഞ്ച് മെറ്റൽ പേരിന് സിമന്റ് ചേർത്ത ശേഷം ടിപ്പർ ലോറികളിൽ കൊണ്ടുവന്ന് വെള്ളം നനച്ച് പോവുകയും ഇതിന് മുകളിൽ എം സാൻഡ് വിതറുകയുമാണ് ചെയ്യുന്നതത്രേ.വീണ്ടും വെള്ളം തളിച്ച ശേഷം റോളർ ഉപയോഗിച്ച് നിരപ്പാക്കുന്നു. അതിനാൽ പൊടിശല്യവും ഗതാഗതക്കുരുക്കും രൂക്ഷമാണ്.പൊടിശല്യം മൂലം പ്രദേശവാസികൾക്ക് വീടിനു പുറത്തിറങ്ങാൻ കഴിയുന്നില്ല.വാഹന യാത്രികർക്ക് ഇതുവഴി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്.ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടില്ല.തിരക്കേറിയ പാതയിൽ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് നിർമ്മാണം നടക്കുന്നത്. അതിനാൽ അപകടസാദ്ധ്യത കൂടുതലാണ്.പൊതുമരാമത്ത് വകുപ്പ് അധികൃതരെ നിർമ്മാണ മേഖലകളിൽ കാണാൻ കഴിയില്ലത്രേ. നിർമ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദിനോട് കരാറുകാരുടെ ജീവനക്കാർ മോശമായി പെരുമാറിയതായി പരാതിയുണ്ട്. പൊതുമരാമത്ത് വകുപ്പ് അധികൃത
ർക്ക് പരാതി നൽകിയിട്ടുണ്ട്.
3 കിലോമീറ്റർ റോഡ്
3 കോടി രൂപ ചെലവ്