ചാത്തന്നൂർ: മസ്റ്റർ റോളിൽ ഉൾപ്പെടുത്താതെ തൊഴിലാളികളെ കൊണ്ട് മത്സ്യ കൃഷി നടത്തിയിട്ട് വേതനം നൽകാത്തതിൽ പ്രതിഷേധിച്ച് ചിറക്കര ഗ്രാമ പഞ്ചായത്തിന്റെ പ്രധാന കവാടത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ കുത്തിയിരുപ്പ് സമരം നടത്തി. കഴിഞ്ഞ ജൂൺ 19 മുതൽ ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ഉൾപ്പെട്ട പോളച്ചിറ ഏലായിലാണ് മത്സ്യ കൃഷിക്കായി ഇവരെ ഉപയോഗപ്പെടുത്തിയത്. എഴുപതോളം തൊഴിലാളികൾ മുപ്പത് ദിവസമാണ് ഇവിടെ ജോലി ചെയ്തത്. മത്സ്യ വിത്ത് നിക്ഷേപിക്കുന്നതിനായി ഏലായിൽ കുളം ഒരുക്കുക എന്നതായിരുന്നു ജോലി.
മസ്റ്റർ റോൾ തയ്യാറാക്കാതെയാണ് തൊഴിലാളികളെ കൊണ്ട് പണി എടുപ്പിച്ചത്. വേതനമായി ഇവർക്ക് അഞ്ചര ലക്ഷത്തോളം രൂപയാണ് ലഭിക്കാനുളളത്.മത്സ്യ വിത്ത് പാകിയിട്ട് അഞ്ചു മാസത്തോളമായിട്ടും വേതനം ലഭിക്കാതെ വന്നപ്പോൾ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും തൊഴിൽ ചെയ്ത രേഖ ഇല്ലാത്തതിനാൽ തുക നൽകാൻ നിർവാഹം ഇല്ലെന്ന് അറിയിച്ചു.
തുടർന്നാണ് തൊഴിലാളികൾ കഴിഞ്ഞ ദിവസം സമരവുമായി രംഗത്തെത്തിയത്. വിവരമറിഞ്ഞ് പാരിപ്പള്ളി പൊലീസ് എത്തി പഞ്ചായത്ത് അധികൃതരുമായി ചർച്ച നടത്തി.12ന് ഉന്നത അതികൃതരുമായി ആലോചിച്ച് വേതനം നൽകുന്നതിനുളള നടപടി സ്വീകരിക്കാമെന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ ഉറപ്പിൽ ഉച്ചയോടെ സമരം അവസാനിപ്പിച്ചു.