കൊല്ലം: കേരളത്തിലെ സവർണ ശക്തികളാണ് ആർ.ശങ്കറിനെ ചതിച്ച് ഇല്ലാതാക്കാൻ ശ്രമിച്ചതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സിംസ് അങ്കണത്തിൽ ആർ.ശങ്കറിന്റെ 46-ാം ചരമ വാർഷികാചരണ സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയായിരുന്ന ആർ.ശങ്കറിനെ സ്വസ്ഥമായി ഭരിക്കാൻ മുന്നാക്കക്കാർ അനുവദിച്ചില്ല. പിന്നീട് വന്ന പിന്നാക്ക മുഖ്യമന്ത്രിമാരും ഇപ്പോൾ പിണറായി വിജയനും അത്തരം വെല്ലുവിളികൾ നേരിടുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയിലുള്ള ഈഴവരെ അടർത്തിയെടുത്ത് കോൺഗ്രസിലെത്തിക്കാനുള്ള കൗശലത്തിന്റെ ഭാഗമായാണ് ആർ. ശങ്കറിനെ കെ.പി.സി.സി പ്രസിഡന്റാക്കിയത്. വിമോചന സമരകാലത്ത് കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചു വിട്ടാൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന ശങ്കറിന്റെ ഉറപ്പിലാണ് മന്ത്രിസഭ പരിച്ചുവിടാൻ നെഹ്റു സന്നദ്ധനായത്. തിരഞ്ഞെടുപ്പിലൂടെ അധികാരം നേടിയപ്പോൾ ശങ്കറിനെ ഒഴിവാക്കി പട്ടം താണുപിള്ളയെ മുഖ്യമന്ത്രിയാക്കി.
ശബരിമല വിഷയത്തിൽ എസ്.എൻ.ഡി.പി യോഗം ഭക്തരുടെ കൂടെയാണ്. പക്ഷേ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ യോഗം തയ്യാറല്ല. സമ്പത്തും അധികാരവും കൈവിട്ട് പോകുമെന്ന് ഭയക്കുന്ന ഒരു സമുദായമാണ് ശബരിമല വിഷയത്തിൽ തീവ്ര നിലപാടെടുക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 96 ശതമാനം ജീവനക്കാരും അവരുടേതാണ്. ഒരു സർക്കാരും അവർണനെ പരിഗണിച്ചിട്ടില്ല. ഇതിനിടെയാണ് 10 ശതമാനം സാമ്പത്തിക സംവരണം കൂടി ഏർപ്പെടുത്തിയത്. ഗുരുവായൂർ ദേവസ്വം ബോർഡിൽ ആനപ്പിണ്ടം വാരാൻ പോലും ഒരു ദളിതനെ നിയമിച്ചിട്ടില്ല. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും പിന്നാക്കക്കാരില്ല. 15 ശതമാനം മുന്നാക്കക്കാരാണ് ക്ഷേത്രങ്ങൾ കയ്യടക്കി വച്ചിരിക്കുന്നത്. പിന്നാക്ക വിഭാഗങ്ങൾ ഒന്നിച്ച് നിൽക്കേണ്ട കാലത്ത് ഭിന്നതയുണ്ടാക്കാനാണ് ശ്രമം. ആർ.ശങ്കറിന് ശേഷം അധികാരത്തിന്റെ അകത്തളങ്ങളിലേക്ക് ഒരാളെപ്പോലും കടത്തിവിടാനായില്ല. തിരിച്ചറിവോടെ പ്രവർത്തിച്ചില്ലെങ്കിൽ കാലഘട്ടം നമ്മളെ തൂത്തെറിയും.
ശങ്കറിനെ നശിപ്പിക്കാൻ ശ്രമിച്ചവരുടെ പ്രേതങ്ങൾ ഇപ്പോഴും കൊല്ലത്ത് കറങ്ങി നടന്ന് സമുദായത്തെ നശിപ്പിക്കാൻ ശ്രമിക്കുകയാണ്. സിംസ് ആശുപത്രിയെ നശിപ്പിച്ച് ഇല്ലാതാക്കാനാണ് ശ്രമം. ആശുപത്രിയുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്ന തരത്തിൽ 13 കേസുകളാണ് കൊല്ലത്തെ ഒരു പ്രൊഫസർ നൽകിയത്. ഇതിന് പിന്നിലെ സാമ്പത്തിക സ്രോതസുകൾ എന്താണ് ?. ജീവിച്ചിരുന്ന കാലത്ത് ആർ.ശങ്കറിനെക്കുറിച്ച് നല്ലതൊന്നും പറയാത്തവരാണ് ഇപ്പോൾ അദ്ദേഹത്തെ പ്രശംസിക്കാൻ ശ്രമിക്കുന്നത്. ശബരിമല വിഷയത്തിൽ നമ്മുടെ ആളുകളിൽ പലരും കഥയറിയാതെ ആട്ടം കാണുകയാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.