paravur
കോൺക്രീറ്റ് കൈവരികൾ തകർന്ന റെയിൽവേ മേൽപ്പാലം

പരവൂർ : തിരക്കേറിയ പരവൂർ-ചാത്തന്നൂർ റോഡിലെ റെയിൽവേ മേൽപ്പാലത്തിന്റെ കോൺക്രീറ്റ് കൈവരികൾ തകർന്നത് അപകടഭീഷണി ഉയർത്തുന്നു. മാസങ്ങളേറെ പിന്നിട്ടിട്ടും ഇത് പരിഹരിക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉണ്ടാകുന്നത്. മേൽപ്പാലത്തിലെ കൈവരി നാലിടത്ത് വാഹനങ്ങൾ ഇടിച്ചും മറ്റ് സ്ഥലങ്ങളിൽ കാലപ്പഴക്കത്താലുമാണ് തകർന്നത്. എന്നാൽ പുതിയ കൈവരി നിർമ്മിക്കാതെ പഴയ കാറ്റാടി കഴകൾ കൊണ്ട് കെട്ടിയിട്ടിട്ടാണ് താത്കാലികമായി പ്രശ്നം പരിഹരിച്ചത്. കാലപ്പഴക്കത്താൽ ഇവ ദ്രവിച്ചു തുടങ്ങി.

നേരത്തെ കോൺക്രീറ്റ് കൈവരിക്കൊപ്പം ഇരുമ്പ് നെറ്റും ഉണ്ടായിരുന്നു. അവയും ദ്രവിച്ച് ഇളകിവീണിട്ട് നാളെറെയായി. തിരക്കേറിയ പരവൂർ - ചാത്തന്നൂർ റോഡിലെ റെയിൽവേ മേൽപ്പാലത്തിൽ മിക്ക ദിവസങ്ങളിലും വാഹനാപകടങ്ങൾ ഉണ്ടാകാറുണ്ട്. കൈവരിയും നെറ്റും ഇല്ലാത്തതിനാൽ പാലത്തിൽ ഒരു അപകടമുണ്ടായാൽ വാഹനങ്ങൾ റെയിൽവേ പാളത്തിലേക്ക് പതിക്കാൻ സാദ്ധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ വൻ ദുരന്തമാകും ഫലം. കാൽനടയാത്രികരും ഇതുവഴി ജീവൻ പണയംവച്ചാണ് സഞ്ചരിക്കുന്നത്. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തി തങ്ങളുടെ ജീവന് സംക്ഷണമൊരുക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

അപകടാവസ്ഥ ഉടൻ പരിഹരിക്കണം

തുരുമ്പിച്ച ഇരുമ്പുവല മാറ്റി തകർന്ന കോൺക്രീറ്റ് കൈവരികൾ പുനർനിർമ്മിക്കാനുള്ള നടപടി സ്വീകരിക്കണം. വാഹനയാത്രികരെപ്പോലെ കാൽനടയായി സഞ്ചരിക്കുന്നവരും ഭീഷണിയുടെ നടുവിലാണ്. അതിനാൽ അധികൃതർ മൗനം കൈവെടിഞ്ഞ് പുനർനിർമ്മാണത്തിനുള്ള നടപടി സ്വീകരിക്കണം.

ടി.ജി. പ്രതാപൻ, റിട്ട. എക്സിക്യൂട്ടീവ് എൻജിനിയർ, പരവൂർ

കൈവരികൾ പുനർനിർമ്മിക്കണം
പരവൂർ റെയിൽവേ മേൽപ്പാലത്തിലൂടെ കാൽനടക്കാർ ഭയന്നാണ് യാത്ര ചെയ്യുന്നത്. തകർന്ന കോൺക്രീറ്റ് കൈവരികൾ അടിയന്തരമായി പുനർനിർമ്മിച്ച് യാത്രക്കാരുടെ ഭയം അകറ്റണം.

പി. ജയസിംഗ്, സിനി ആർട്ട് ഡയറക്ടർ പരവൂർ