കരുനാഗപ്പള്ളി: ആലപ്പാട്ട് ഗ്രാമപഞ്ചായത്തിലെ സമുദ്രതീര സംരക്ഷണത്തിനായി ജലസേചന വകുപ്പ് നിർമ്മിച്ച കടൽ ഭിത്തികൾക്ക് ബലക്ഷയം. അടിയിൽ നിന്ന് മണ്ണ് ഒലിച്ചുപോകുന്നതാണ് കാരണം. സുനാമി ദുരന്തത്തിന് ശേഷം സമദ്രതീര സംരക്ഷണ ഭിത്തികളുടെ സംരക്ഷണത്തിനായി അധികൃതർ കാര്യമായി ഒന്നും ചെയ്യാറില്ലെന്ന് നാട്ടുകാർ പറയുന്നു. മുൻകാലങ്ങളിൽ കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് കടൽഭിത്തികൾ ബലപ്പെടുത്തി തീരം സംരക്ഷിക്കുമായിരുന്നു. കാലവർഷത്തിന് മുമ്പുതന്നെ തീരദേശത്തെ എല്ലാ പണികളും ജലസേചന വകുപ്പ് പൂർത്തിയാക്കുമായിരുന്നു. എന്നാൽ സുനാമി ദുരന്തത്തിന് ശേഷം ഇത്തരം ജോലികൾ നടത്താറില്ല. കാലാകാലങ്ങളിൽ അറ്റുകുറ്റപ്പണികൾ നടത്താത്തതുമൂലം കടൽഭിത്തികളെല്ലാം തകർച്ച നേരിടുകയാണ്. കഴിഞ്ഞ കാലവർഷത്തിൽ കൂറ്റൻ തിരമാലകളാണ് തകർന്ന കരിങ്കൽ ഭിത്തിക്ക് മുകളിലൂടെ അടിച്ച് കരയിലേക്ക് കയറിയത്. ഇതുമൂലം നിരവധി വീടുകളിൽ വെള്ളംകയറിയിരുന്നു. വേലിയേറ്റ സമയങ്ങളിൽ കടൽ വെള്ളം കരയിലേക്ക് അടിച്ചുകയറാറുണ്ട്. ശക്തമായ കടൽഭിത്തിയുണ്ടെങ്കിലേ കൂറ്റൻ തിരമാലകളുടെ വരവിനെ തടഞ്ഞുനിറുത്താൻ കഴിയു.
----------
സംരക്ഷിക്കേണ്ടതിങ്ങനെ
----------
മണ്ണൊലിച്ചുപോയി താഴ്ന്നുപോകുന്ന കടൽ ഭിത്തിക്ക് മുകളിൽ വീണ്ടും കരിങ്കല്ല് അടുക്കി ബലപ്പെടുത്തണം.
പുലിമുട്ടുകൾക്ക് ഇടയിലുള്ള കരിങ്കൽ ഭിത്തികൾ ബലപ്പെടുത്തിയാൽ കടലിൽ നിന്ന് മണ്ണ് അടിച്ചുകയറി ബീച്ച് രൂപപ്പെടും. ഇത് സമുദ്രതീരത്തെ സംരക്ഷിക്കും
--------
ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ തെക്കേ അറ്റമായ വെള്ളനാതുരുത്ത് മുതൽ വടക്കോട്ട് കായംകുളം ഫിഷിംഗ് ഹാർബർ വരെ 17 കിലോമീറ്റർ ദൂരമുണ്ട്. .