ഓച്ചിറ: ദേശീയപാതയിൽ വവ്വാക്കാവിന് തെക്ക് പുലിയൻകുളങ്ങര ആനന്ദജംഗ്ഷന്റെ പേരിലേയുള്ളു ആനന്ദം. സ്ഥിരം അപകട മേഖലയാണിവിടം. കഴിഞ്ഞ ഒരു മാസത്തിനിടയിൽ 4 പേരാണ് അപകടങ്ങളിൽ മരിച്ചത്. കഴിഞ്ഞ 31ന് രാത്രി 8ന് ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന നിലികുളം സ്വദേശി ശിവദാസന്റെ മരണമാണ് ഒടുവിലത്തെ സംഭവം. സൂപ്പർഫാസ്റ്റ് തട്ടി റോഡിൽ വീണ ശിവദാസന്റെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. . ഒാട്ടോസ്റ്റാൻഡും ടാക്സി സ്റ്റാൻഡും പ്രവർത്തിക്കുന്നതും ഇവിടെത്തന്നെയാണ്. അശാസ്ത്രീയമായ രീതിയിലുള്ള ബസ്ബേ നിർമ്മാണം അപകടം കൂടാൻ കാരണമാകുന്നു. ഇവിടെ ദേശീയ പാതയ്ക്ക് പൊക്കം കൂടുതലാണ്. പരിചയക്കുറവുള്ള ഡ്രൈവർമാർക്ക് ഇടറോഡിൽ നിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനായി വാഹനം കയറ്റിനിറുത്തേണ്ടി വരുന്നു. ഇതും അപകടം കൂടുന്നതിന് കാരണമാകുന്നു. ടാർ റോഡ് കഴിഞ്ഞാൽ വശങ്ങൾ താഴ്ന്ന് പുല്ലുമൂടി കിടക്കുകയാണ്. ഇത് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതിന് കാരണമാക്കുന്നു. പാതയ്ക്കിരുവശവും പുല്ലുകൾ വളർന്നു നിൽക്കുന്നത് ഡ്രൈവർമാരുടെ കാഴ്ചയെ മറയ്ക്കുന്നതും പ്രശ്നം സൃഷ്ടിക്കുന്നു. ​​​​------ 4 അപകട മേഖലകൾ ദേശീയപാതയിൽ കരുനാഗപ്പള്ളിക്കും ഓച്ചിറയ്ക്കും ഇടയിലായി ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന 4 ഭാഗങ്ങളാണുള്ളത്. .ഗ്യാസ് ടാങ്കറുകൾ മറിയുന്നത് ഇവിടെ പതിവായിരുന്നു. ഏറ്റവും കൂടുതൽ അപകടം നടക്കുന്ന സ്ഥലങ്ങളിൽ വികസന പ്രവർത്തനങ്ങൾ നടത്താൻ തുടർന്ന് ദേശീയപാതാ മന്ത്രാലയംഅനുമതി നൽകി. അതനുസരിച്ച് ഓച്ചിറ ജംഗ്ഷൻ, വവ്വാക്കാവ്, കരുനാഗപ്പള്ളി ലാലാജി ജംഗ്ഷൻ എന്നിവിടങ്ങളിൽ വികസന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. റോഡിന് വീതികൂട്ടി ഡിവൈഡർ നിർമ്മിക്കുക, നടപ്പാതയും കൈവരിയും സ്ഥാപിക്കുക തുടങ്ങിയവയാണ് നടന്നുവരുന്നത്. ഏറ്റവും കൂടുതൽ അപകടം നടക്കുന്നതും ബ്ലാക്ക് സ്പോട്ടായി പരിഗണിക്കുന്നതുമായ ആനന്ദജംഗ്ഷനിൽ വികസന പ്രവർത്തനങ്ങൾ നടത്താതെ ഒരു കിലോമീറ്റർ മാത്രം അകലെയുള്ള വവ്വാക്കാവിലേക്ക് വികസന പ്രവർത്തങ്ങൾ മാറ്റിയതാണ് ആനന്ദ ജംഗ്ഷനിൽ അപകടങ്ങൾ തുടരുന്നതിന് കാരണം. ഇവിടെയും റോഡിന് വീതികൂട്ടി നടപ്പാതയും കൈവരികളും സ്ഥാപിച്ചെങ്കിൽ മാത്രമേ പരിഹാരമാകു. ------ അപകട കാരണങ്ങൾ ജംഗ്ഷനിൽ ദേശീയ പാതയ്ക്ക് പൊക്കം കൂടുതൽ ബസ്ബേ നിർമ്മിച്ചത് അശാസ്ത്രീയമായി റോഡിന്റെ വശങ്ങളിൽ പുല്ലു വളർന്നു നിൽക്കുന്നത് കാഴ്ച മറയ്ക്കുന്നു