ആയൂർ: ആയൂർ ഗവ.ജവഹർ യു.പി.സ്കൂളിന് ഭീഷണിയായി വൈദ്യുതി പോസ്റ്റും 11 കെ.വി ലൈനും. സ്‌കൂൾ കെട്ടിടത്തിനോട് ചേർന്നുപോകുന്ന വൈദ്യുത കമ്പികൾ നീക്കം ചെയ്യണമെന്ന് ജനപ്രതിനിധികളോടും പഞ്ചായത്ത്, വേൈദ്യുതി ബോർഡ് അധികൃതരോടും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും നടപടിയില്ല. ഒരു ലക്ഷത്തിലധികം രൂപ ചെലവ് വരുമെന്ന് പറഞ്ഞ് വൈദ്യുതിബോർഡ് അധികൃതർ ഒഴിഞ്ഞുമാറുകയാണ്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളും ഇൗ വളപ്പിൽത്തന്നെയാണ്. ചില സമയങ്ങളിൽ പോസ്റ്റിന് മുകളിൽ നിന്ന് തീപ്പൊരി ചിതറിവീഴാറുണ്ട്. വൈദ്യുത കമ്പികൾ കടന്നുപോകുന്ന ഇരുമ്പ് പോസ്റ്റ് ഏതുനിമിഷവും നിലംപൊത്താവുന്ന തരത്തിൽ ചാഞ്ഞുനിൽക്കുകയാണ്.സ്‌കൂളിലെ ഓട്ടിസം പുനരധിവാസ പദ്ധതിപ്രകാരമുള്ള ക്ലാസിലേക്ക് എത്തുന്ന കുട്ടികളും രക്ഷകർത്താക്കളും പോസ്റ്റിനടുത്തുകൂടിയാണ് പോകുന്നത്. അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും ആവശ്യം. നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി വൈകിക്കുന്നത് ആപത്ത് ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണെന്ന് ജവഹർ യു.പി.എസ് ഹെഡ്മിസ്ട്രസ് മണിമേഖല പറഞ്ഞു. പരിഹാരം കാണണമെന്ന് ആന്റി കറപ്ക്ഷൻ ബ്യൂറോ ആൻഡ് ക്രൈം കൺട്രോൾ കമ്മിറ്റി ജനറൽ സെക്രട്ടറി ശിവാനന്ദൻ ആവശ്യപ്പെട്ടു.