അഞ്ചാലുംമൂട്: മുൻ മന്ത്രിയും ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയുമായിരുന്ന വി.പി. രാമകൃഷ്ണ പിള്ളയ്ക്ക് ജന്മനാട് ശ്രദ്ധാഞ്ജലി അർപ്പിച്ചു. രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ഇന്നലെ രാവിലെ അഷ്ടമുടി വാഴയിൽ വീട്ടിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. വി.പി.രാമകൃഷ്ണപിള്ളയുടെ ഓർമ്മകുടീരത്തിൽ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, എൻ.കെ. പ്രേമചന്ദ്രൻ എം.പി, ജില്ലാ സെക്രട്ടറി ഫിലിപ്പ് കെ. തോമസ്, മുൻമന്ത്രി ബാബു ദിവാകരൻ, വെളിയം ഉദയകുമാർ, ആർ. അജയകുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി വി. മുരളി, എം.എൻ. വാസുദേവൻ പിള്ള, എസ്. സതീശൻ എന്നിവരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. ആർ.എസ്.പി പ്രവർത്തകരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. ഇന്ന് വൈകിട്ട് ചിന്നക്കടയിൽ അനുസ്മരണ സമ്മേളനം നടത്തും. സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്യും.