കൊല്ലം: റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് മികച്ച സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി സ്ഥാപിക്കാൻ എത്തിച്ച എസ്കലേറ്റിന്റെ യന്ത്രഭാഗങ്ങൾ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാകുന്നു. സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിലായാണ് എസ്കലേറ്ററിന്റെ ഭാഗങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. മാസങ്ങളായി ഇവിടെയിരിക്കുന്ന യന്ത്രഭാഗങ്ങൾക്കുള്ളിലാണ് യാത്രക്കാർ മാലിന്യം നിക്ഷേപിക്കുന്നത്. ചായയുടെ ഗ്ലാസ്, ഒഴിഞ്ഞ വെള്ളകുപ്പികൾ, ജ്യൂസ് ജാറുകൾ തുടങ്ങിയവ നിക്ഷേപിക്കുന്നത് ഇവിടെയാണ്.
റെയിൽവേ ജീവനക്കാരും ഇവിടത്തെ മാലിന്യ നിക്ഷേപം നീക്കം ചെയ്യാറില്ല. എസ്കലേറ്റർ സ്ഥാപിക്കുന്നത് നീണ്ടുപോയാൽ സ്റ്റേഷനിലെ മാലിന്യ തൊട്ടികളായി മാറാനാണ് സാദ്ധ്യത. തടികൊണ്ടുള്ള പെട്ടികൾക്കുള്ളിൽ പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞാണ് യന്ത്രഭാഗങ്ങൾ എത്തിച്ചത്. തടിപ്പെട്ടിക്കുള്ളിൽ എന്താണെന്നറിയാനുള്ള ആകാംക്ഷയിൽ യാത്രക്കാരിൽ ചിലർ തന്നെയാണ് തടിപ്പെട്ടിയും അതിനുള്ളിലെ പ്സാസ്റ്റിക് ഷീറ്റും ഘട്ടം ഘട്ടമായി നശിപ്പിച്ചത്. ഇപ്പോൾ ആവരണങ്ങളില്ലാത്ത അവസ്ഥയിലാണ് എസ്കലേറ്ററിന്റെ യന്ത്രഭാഗങ്ങൾ.