ചാത്തന്നൂർ: ഭൂപരിഷ്കരണ നിയമത്തിലൂടെയും അല്ലാതെയും സർക്കാർ നൽകിയ പട്ടയഭൂമി വിറ്റുതുലച്ചതാണ് കേരളത്തിൽ ഭൂരഹിതരും ഭവനരഹിതരും വർദ്ധിക്കാൻ കാരണമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ചിറക്കര ഗ്രാമപഞ്ചായത്ത് 26 ഭൂരഹിതർക്ക് അനുവദിച്ച വസ്തുവിന്റെ ആധാരം കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഭൂമിയും വീടും ഇല്ലാത്തവർ മൂന്ന് ലക്ഷത്തിലധികവും ഭൂമി ഉണ്ടായിട്ടും വീടില്ലാത്തവർ രണ്ട് ലക്ഷത്തോളവും വരും. ഇവർക്ക് ഭൂമിയും വീടും നൽകി ഭൂരഹിതരും ഭവന രഹിതരുമില്ലാത്ത കേരളം സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി തുടർന്ന് പറഞ്ഞു.
ജി.എസ്. ജലലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. പ്രേമചന്ദ്രനാശാൻ, വൈസ് പ്രസിഡന്റ് സി. സുശീലാദേവി, ജില്ലാ പഞ്ചായത്തംഗം എൻ. രവീന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി കെ.പി. അനിലകുമാരി, ഗ്രാമ പഞ്ചായത്തംഗങ്ങളായ ടി.ആർ. ദീപു, രജിത രാജേന്ദ്രൻ, ബിന്ദു സുനിൽ, യു.എസ്. ഉല്ലാസ് കൃഷ്ണൻ, റാംകുമാർ രാമൻ, ശ്രീദേവി, ആർ. അനിൽകുമാർ എന്നിവർ സംസാരിച്ചു.